ക്ഷമ നീതിയുടെ അടിസ്ഥാനഘടകം: ലെയോ പതിനാലാമൻ മാർപാപ്പ
Sunday, September 21, 2025 1:02 AM IST
വത്തിക്കാൻ സിറ്റി: നീതിനിർവഹണം ജ്ഞാനം, സ്നേഹം, കാരുണ്യം എന്നിവയാൽ ജീവസുറ്റതാകണമെന്നും ക്ഷമ നീതിയുടെ അടിസ്ഥാനഘടകമാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
2025 പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഇന്നലെ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന നീതി-ന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ജൂബിലിയാഘോഷത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
നീതി എന്നത് ഓരോരുത്തർക്കും അർഹമായതു നൽകുന്ന പുണ്യമാണ്. നീതി, മാനവ സഹവർത്തിത്വത്തിൽ ഉന്നതമായ ഒരു ധർമം നിർവഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെ നിയമത്തിന്റെ നഗ്നമായ പ്രയോഗത്തിലോ ന്യായാധിപന്മാരുടെ പ്രവൃത്തികളിലോ ചുരുക്കാനോ നടപടിക്രമപരമായ വശങ്ങളിൽ മാത്രം ഒതുക്കാനോ കഴിയില്ലെന്നും മാർപാപ്പ പറഞ്ഞു.
ആഘോഷപരിപാടിയിൽ 100 രാജ്യങ്ങളിൽനിന്നായി ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പെടെ 20,000 ത്തോളം പ്രതിനിധികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശനം തുടങ്ങിയ പരിപാടികളുമുണ്ടായിരുന്നു.