വീണ്ടും യുഎസ് പ്രഹരം; എച്ച്-1 ബി വീസ നിരക്ക് ലക്ഷം ഡോളർ
Sunday, September 21, 2025 1:02 AM IST
വാഷിംഗ്ടണ്‍ ഡിസി: കുടിയേറ്റവിരുദ്ധനയം കൂടുതല്‍ കടുപ്പിച്ച് എച്ച് -1 ബി വീസയുടെ നിരക്കു കുത്തനെ ഉയര്‍ത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യക്കു കനത്ത തിരിച്ചടിയാകുന്നു.
യുഎസിൽ ജോലിചെയ്യുന്നതിന് ശരാശരി 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപവരെ ഈടാക്കിയിരുന്ന എച്ച്-1 ബി വീസയുടെ വാര്‍ഷികഫീസ് ഒറ്റയടിക്ക് ഒരു ലക്ഷം യുഎസ് ഡോളറാക്കി (ഏകദേശം 88 ലക്ഷം രൂപ) ഉയർത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടം.
യുഎസിൽ ജോലിക്കു ശ്രമിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും പതിനായിരക്കണക്കിന് ഐടി വിദഗ്ധരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന യുഎസ് സാങ്കേതിക മേഖലയ്ക്കും തിരിച്ചടിയായേക്കും.
യുഎസിന് തൊഴിലാളികളെ ആവശ്യമുണ്ടെന്നും ഉയര്‍ന്ന നിലവാരത്തിൽ തൊഴില്‍ വൈദഗ്ധ്യമുള്ളവരെ മാത്രമേ രാജ്യത്തേക്കു കൊണ്ടുവരൂ എന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നു ട്രംപ് പറയുന്നു. ഇപ്പോഴുള്ള കുടിയേറ്റ നയത്തില്‍ ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്നത് എച്ച്-1 ബി വീസ നടപടികളാണെന്നു വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വില്‍ ഷാര്ഫും പറഞ്ഞു.
എച്ച്-1 ബി വീസയിലൂടെ തൊഴിലാളികളെ രാജ്യത്ത് എത്തിക്കുന്ന സ്പോണ്‍സര്‍മാര്‍ ഒരു ലക്ഷം ഡോളര്‍ മുടക്കേണ്ടിവരുന്നതോടെ രാജ്യത്തെത്തുന്ന തൊഴിലാളികള്‍ ഉന്നതരീതിയില്‍ തൊഴില്‍ വൈദഗ്ധ്യം നേടിയവരാണെന്നും അവര്‍ക്കു പകരക്കാരായി യുഎസിലെ തൊഴിലാളികളെ നിയോഗിക്കാനാവില്ലെന്നും ഉറപ്പാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.
വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും വന്‍തുക മുടക്കി കുടിയേറ്റം സാധ്യമാക്കുന്ന ഗോള്‍ഡ് കാര്‍ഡ് വീസയ്ക്കുള്ള ഉത്തരവും ട്രംപ് പുറത്തിറക്കി. കോടിക്കണക്കിനു ഡോളര്‍ ഇതുവഴി സമ്പദ്ഘടനയിലെത്തുന്നതോടെ നികുതി കുറയ്ക്കാന്‍ കഴിയുമെന്നാണ് ട്രംപ് അനുകൂലികളുടെ വാദം.
കഴിഞ്ഞവര്‍ഷം 71 % ഇന്ത്യക്കാര്‍
എച്ച്-1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണെന്നു കണക്കുകള്‍. കഴിഞ്ഞവര്‍ഷം വീസ അനുവദിച്ചവരില്‍ 71 ശതമാനവും ഇന്ത്യക്കാരായിരുന്നു; ചൈനയില്‍നിന്ന് 11.7 ശതമാനം പേരും. 2025ന്റെ ആദ്യപകുതിയില്‍ ആമസോണും കമ്പനിയുടെ ക്ലൗഡ് കംപ്യൂട്ടിംഗ് യൂണിറ്റായ എഡബ്ലിയുഎസും ചേര്‍ന്ന് 12,000 തൊഴിലാളികളെയാണു റിക്രൂട്ട് ചെയ്തത്.
മൈക്രോസോഫ്റ്റ്, മെറ്റ എന്നിവര്‍ക്ക് അയ്യായിരത്തോളം പേരെ നിയോഗിക്കാനായി. എച്ച്-1 ബി വീസ ലഭിക്കുന്ന വിദേശ തൊഴിലാളികള്‍ സാവധാനം യുഎസ് പൗരത്വവും നേടുകയായിരുന്നു പതിവ്.
യുഎസ് ചരിത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരീക്ഷ പാസാകുന്നവര്‍ക്കു മാത്രം പൗരത്വം അനുവദിക്കുന്നതിന് ആദ്യതവണ പ്രസിഡന്റായിരുന്നു സമയത്ത് തീരുമാനമെടുത്തിരുന്നു. പിന്നീട് വന്ന ജോ ബൈഡന് ഭരണകൂടം ഈ തീരുമാനം റദ്ദാക്കി. ട്രംപ് വീണ്ടും വന്നതോടെ 128 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ എഴുത്തുപരീക്ഷയും 20 ചോദ്യങ്ങള്‍ ഉള്ള വാചാപരീക്ഷയും പാസായാലേ പൗരത്വം അനുവദിക്കൂ എന്ന ചട്ടം ഉടൻ പ്രാബല്യത്തിൽ വന്നേക്കും.
വീസ അനുവദിക്കുന്നതിലും മാറ്റം
യുഎസില്‍ താത്കാലികമായി ജോലി ചെയ്യുന്നതിനു തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച്-1 ബി വീസ. യുഎസ് കമ്പനികള്‍ക്ക് പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കുന്ന എച്ച്-1 ബി വീസ 1990 കളിലാണു പ്രാബല്യത്തില്‍ വന്നത്.
മതിയായ അളവില്‍ തദ്ദേശീയ തൊഴിലാളികളെ ലഭിക്കാതിരുന്ന ശാസ്ത്ര, സാങ്കേതിക, എന്‍ജിനിയറിംഗ് മേഖലയിലായിരുന്നു വീസ കൂടുതലായി അനുവദിച്ചിരുന്നത്.
മൂന്നുവര്‍ഷത്തേക്കാണ് ആദ്യം വീസ നില്കുന്നത്. പരമാവധി ആറുവര്‍ഷം വരെ ദീര്‍ഘിപ്പിക്കാനും ചട്ടം അനുവദിച്ചിരുന്നു. ഗ്രീന്‍കാര്‍ഡ് (യുഎസ് പൗരത്വം) ലഭിക്കുന്നതോടെ വീസ അനിശ്ചിതമായി പുതുക്കാനും അവസരമുണ്ടായിരുന്നു. യുഎസ് പൗരന്മാര്ക്കു തുല്യമായ വേതനവും മറ്റ് ആനുകൂല്യങ്ങളും വീസ ഉടമകള്‍ക്കു ലഭിക്കുമായിരുന്നു.
യുഎസ് സിറ്റിസണ്‍സ്ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) വഴിയാണ് അപേക്ഷകള്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. ഇതിലും ട്രംപ് ഭരണകൂടം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണു സൂചന. ഇതുവരെ ഓരോ വര്‍ഷവും 85,000 വീസകളാണ് അനുവദിച്ചിരുന്നത്.
പരിഹാരം ആത്മനിര്‍ഭര്‍ ഭാരത്: മോദി
മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന ശത്രുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എച്ച്-1 ബി വീസ നിരക്ക് കുത്തനെ ഉയര്‍ത്തുന്ന യുഎസ് തീരുമാനത്തിനു തൊട്ടുപിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രതികരണം.
നമുക്ക് ലോകത്ത് വലിയ ശത്രുക്കളൊന്നുമില്ല. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നു എന്നാണ് നമ്മള് നേരിടുന്ന യഥാര്‍ഥ ശത്രു. വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയവും വര്‍ധിക്കും. ഇത് മറികടക്കാന്‍ രാജ്യം ആത്മനിര്‍ഭര്‍ ആയി മാറണമെന്നും അദ്ദേഹം പറഞ്ഞു.