പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കാൻ യുഎസ് സെനറ്റിൽ പ്രമേയം
Friday, September 19, 2025 10:51 PM IST
വാഷിംഗ്ടൺ ഡിസി: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് യുഎസ് സെനറ്റിൽ പ്രമേയം. പ്രതിപക്ഷ ഡെമോക്രാറ്റുകളാണു പ്രമേയം അവതരിപ്പിച്ചത്. സഭയിൽ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമില്ലാത്തിനാൽ പാസാകില്ല.
പലസ്തീൻ രാഷ്ട്ര രൂപീകരണത്തെ അനുകൂലിക്കുന്ന പ്രമേയം അമേരിക്കൻ സെനറ്റിൽ ഇതാദ്യമാണ്. ഗാസ ആക്രമണത്തിന്റെ പേരിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്നതിന്റെ സൂചനകൂടിയാണിത്.
ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പാശ്ചാത്യ ശക്തികൾ അടുത്തയാഴ്ച യുഎൻ പൊതുസഭാ സമ്മേളനത്തിൽ പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കാനിരിക്കേയാണ് യുഎസ് സെനറ്റിലെ നീക്കങ്ങൾ.
ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സൈനികമുക്ത പലസ്തീനെ അമേരിക്ക അംഗീകരിക്കണമെന്നാണു സെനറ്റ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിഷയത്തിൽ നേതൃത്വം നല്കാനുള്ള ഉത്തരവാദിത്വം അമേരിക്കയ്ക്കുണ്ടെന്നും ഇതാണ് ഉചിതമായ സമയമെന്നും പ്രമേയം അവതരിപ്പിക്കാൻ നേതൃത്വം നല്കിയ ഒറേഗോണിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ജഫ് മാർക്ക്ലേയ് പറഞ്ഞു.
കലിഫോർണിയയിൽനിന്നുള്ള ഇന്ത്യൻ വംശജനായ സെനറ്റർ റോ ഖന്ന അടക്കമുള്ള നേതാക്കാൾ പ്രമേയത്തിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.