സ്കൂളുകളിൽ ഭക്ഷ്യവിഷബാധ
Friday, September 19, 2025 10:51 PM IST
ജക്കാർത്ത: സ്കൂളിലെ സൗജന്യ ഉച്ചഭക്ഷണം കഴിച്ച എണ്ണൂറിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്തോനേഷ്യയിലാണു സംഭവം.
വ്യാഴാഴ്ച വെസ്റ്റ് ജാവ പ്രവിശ്യയിലെ അഞ്ച് സ്കൂളിലായി 569 വിദ്യാർഥികൾക്കു ഛർദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായി. ചോറും ചിക്കനുമാണു വിദ്യാർഥികൾ കഴിച്ചത്. ബുധനാഴ്ച സെൻട്രൽ സുലവേസി പ്രവിശ്യയിൽ 277 വിദ്യാർഥികൾക്കും സമാന അനുഭവമുണ്ടായി. കുറച്ചു വിദ്യാർഥികൾ ആശുപത്രിയിൽ തുടരുകയാണ്.
ഇന്തോനേഷ്യൻ സർക്കാർ ജനുവരിയിലാണു വിദ്യാലയങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയത്. ഓഗസ്റ്റ് വരെ നാലായിരത്തിലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്കൂൾ അടുക്കളകളിൽ പരിശോധന വർധിപ്പിക്കുമെന്നു സർക്കാർ അറിയിച്ചു.