അഫ്ഗാൻ പാഠ്യപദ്ധതിയിൽനിന്ന് വനിതാ രചനകൾ ഔട്ട്
Friday, September 19, 2025 10:51 PM IST
കാബൂൾ: സ്ത്രീകൾ രചിച്ച പുസ്തകങ്ങൾ അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽനിന്നു നീക്കംചെയ്തു. ശരിയത്തിനും താലിബാൻ സർക്കാരിന്റെ നയങ്ങൾക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
മനുഷ്യാവകാശം, ലൈംഗികപീഡനം തുടങ്ങി 18 വിഷയങ്ങൾ കോളജുകളിൽ പഠിപ്പിക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്.
ഏതാണ്ട് 680 പുസ്തകങ്ങളാണു പാഠ്യപദ്ധതിയിൽനിന്നു നീക്കം ചെയ്തത്. ഇതിൽ 140 എണ്ണം സ്ത്രീകൾ രചിച്ചതാണ്. ‘കെമിക്കൽ ലബോറട്ടറിയിൽ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ’ എന്നൊരു പുസ്തകവും സ്ത്രീ എഴുതി എന്നതിന്റെ പേരിൽ ഒഴിവാക്കിയിട്ടുണ്ട്.
പഠിപ്പിക്കേണ്ടതില്ല എന്നു നിർദേശിച്ച 18 വിഷയങ്ങളിൽ വനിതാ സാമൂഹ്യശാസ്ത്രം, ആശയവിനിമയത്തിൽ സ്ത്രീകളുടെ പങ്ക് തുടങ്ങിയവ ഉൾപ്പെടുന്നു.
നിരോധിക്കപ്പെട്ട പുസ്തകങ്ങളിൽ 310 എണ്ണം ഇറാനിലെ എഴുത്തുകാരുടേതോ പ്രസാധകരുടേതോ ആണ്. ഇറേനിയൻ സംസ്കാരം അഫ്ഗാനിസ്ഥാനിലേക്കു കടന്നുകയറാതിരിക്കാനാണ് ഈ നടപടി. അഫ്ഗാൻ കോളജ് വിദ്യാഭ്യാസത്തെ ആഗോള വിദ്യാഭ്യാസ സന്പ്രദായവുമായി ബന്ധിപ്പിക്കുന്നതിൽ ഇറാനിൽനിന്നുള്ള പുസ്തകങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു.
താലിബാൻ ഭരണകൂടം പുലർത്തുന്ന സ്ത്രീവിരുദ്ധതയുടെ തുടർച്ചയാണ് ഈ നടപടികൾ. അഫ്ഗാൻ പെൺകുട്ടികൾക്ക് ആറാം ക്ലാസ് വരെ പഠിക്കാനേ അനുവാദമുള്ളൂ. അഫ്ഗാൻ സംസ്കാരവും ഇസ്ലാമിക നിയമവും അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കുന്നുണ്ടെന്നാണു താലിബാൻ ഭരണകൂടം പറയുന്നത്.