ഗാസ വെടിനിർത്തൽ പ്രമേയം യുഎസ് വീണ്ടും വീറ്റോ ചെയ്തു
Friday, September 19, 2025 10:51 PM IST
ന്യൂയോർക്ക്: ഗാസയിൽ ഉടൻ വെടി നിർത്തണം എന്നാവശ്യപ്പെടുന്ന യുഎൻ രക്ഷാസമിതി പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രമേയത്തിൽ ഹമാസിനെ വേണ്ടവിധം അപലപിക്കുന്നില്ലെന്നും ഇസ്രയേലിന്റെ സ്വയംപ്രതിരോധാവകാശം മാനിക്കുന്നില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. രക്ഷാസമിതിയിലെ ബാക്കി 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
അമേരിക്കൻ നടപടിയിൽ യുഎൻ അംഗങ്ങൾ നിരാശ പ്രകടിപ്പിച്ചു. അമേരിക്കൻ നടപടി ഖേദകരവും വേദനാജനകവുമാണെന്ന് പലസ്തീന്റെ യുഎൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു.
ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ അടുത്തയാഴ്ച യുഎൻ പൊതുസഭയിൽ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.