നീതിക്കുവേണ്ടി പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷം ഇന്ന് വത്തിക്കാനിൽ
Friday, September 19, 2025 10:51 PM IST
വത്തിക്കാന്‍ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിന്റെ ഭാഗമായി നീതി-ന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവര്ക്കുവേണ്ടിയുള്ള ജൂബിലി ആഘോഷം ഇന്നു വത്തിക്കാനിൽ നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ജഡ്ജിമാരും അഭിഭാഷകരും വിവിധ സർവകലാശാലകളിൽനിന്നുള്ളവരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 15,000 ത്തോളം പ്രതിനിധികളാണു പങ്കെടുക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം അറിയിച്ചു. നൂറു രാജ്യങ്ങളിൽനിന്നുള്ളവരാണ് പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി രജിസ്ട്രേഷനുകളുടെ എണ്ണം കൂടുതലായതിനാൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് മാറ്റുകയായിരുന്നു.
പ്രാദേശിക സമയം രാവിലെ 10.30ന് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം പ്രോ-പ്രീഫെക്ട് ആർച്ച്ബിഷപ് റിനോ ഫിസിഷെല്ല ഔദ്യോഗികമായി അംഗങ്ങളെ സ്വാഗതം ചെയ്യും.
തുടർന്ന്, ‘നീതിയുടെ പ്രവർത്തകർ: പ്രത്യാശയുടെ ഉപകരണം’ എന്ന വിഷയത്തെ അധികരിച്ച് നിയമസംബന്ധമായ ഗ്രന്ഥങ്ങൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ബിഷപ് ജുവാൻ ഇഞ്ഞാസിയോ ആരിയെറ്റ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 12 ഓടെ മാർപാപ്പ ചത്വരത്തിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. എല്ലാ തീർഥാടകരും ഉച്ചയ്ക്ക് ഒന്നുമുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കും.
പരിപാടിയുടെ ഭാഗമായി വൈകുന്നേരം റോമിലെ ചാൻസലറി കൊട്ടാരത്തിൽ യുഎസ് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സാമുവൽ അലിറ്റോ നേതൃത്വം നൽകുന്ന സംവാദവും റോമിലെ പാലെസോ ആൾടെംപ്സിൽ വത്തിക്കാനിലെ ഫ്രഞ്ച് എംബസി സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയും നടക്കും.