സൈബർ ആക്രമണം; യൂറോപ്യൻ വിമാനത്താവളങ്ങളിൽ പ്രതിസന്ധി
Saturday, September 20, 2025 11:25 PM IST
ലണ്ടൻ: സൈബർ ആക്രമണം മൂലം യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനം അവതാളത്തിലായി. ലണ്ടനിലെ ഹീത്രു, ജർമനിയിലെ ബെർലിൻ, ബെർജിയത്തിലെ ബ്രസൽസ് വിമാനത്താവളങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വിമാനത്താവളങ്ങളിൽ ഓട്ടോമേറ്റഡ് ചെക്ക് ഇന്, ബോർഡിംഗ് സേവനങ്ങൾക്കുള്ള സോഫ്റ്റ്വെയർ നല്കുന്ന കോളിൻസ് എയർസ്പേസ് എന്ന സ്ഥാപനമാണ് സൈബർ ആക്രമണം നേരിട്ടത്. ഇതേത്തുടർന്ന് വിമാനത്താവളങ്ങളിൽ മണിക്കൂറുകൾ താമസം നേരിട്ടതായി യാത്രക്കാർ പറഞ്ഞു. ചെക്ക് ഇൻ സേവനങ്ങൾക്കായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു.
വെള്ളിയാഴ്ച രാത്രിയാണ് പ്രശ്നം തുടങ്ങിയതെന്ന് ബ്രസൽസ് എയർപോർട്ട് അധികൃതർ പറഞ്ഞു. ഇലക്ട്രോണിക് ചെക്ക് ഇൻ, ബാഗേജ് നീക്കൾ സംവിധാനങ്ങൾക്കു മാത്രമാണ് പ്രശ്നം. മാനുവലായിട്ടുള്ള ചെക്ക് ഇൻ മാത്രമാണ് നടക്കുന്നത്.
വിമാനങ്ങൾ പുറപ്പെടാൻ വൈകുമെന്നും ചിലപ്പോൾ സർവീസ് റദ്ദാക്കേണ്ടിവരുമെന്നുമാണ് വിമാനത്താവള അധികൃതർ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവർ എയർലൈൻസുമായി ബന്ധപ്പെട്ട് യാത്രക്കാരം ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.