അശ്ലീലദൃശ്യം കണ്ട് വണ്ടിയോടിച്ച് അപകടം; ഡ്രൈവർക്ക് 10 വർഷം തടവ്
Monday, September 22, 2025 1:40 AM IST
ലണ്ടൻ: ഫോണിൽ അശ്ലീലദൃശ്യം കണ്ടുകൊണ്ടിരിക്കേ വാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർക്ക് 10 വർഷം തടവ്. ബ്രിട്ടനിലാണു സംഭവം. കഴിഞ്ഞ വർഷം മേയിൽ ലങ്കാഷെയറിൽവച്ച് നാൽ പാറ്റ് (43) ഓടിച്ചിരുന്ന ട്രക്ക് കാറിൽ ഇടിച്ച് ഡാനിയേൽ ഐച്ചിൻസൺ (46) ആണു മരിച്ചത്.
നീൽ പാറ്റ് മൂന്നു മണിക്കൂർ ഡ്രൈവിംഗിനിടെ സോഷ്യൽ മീഡിയ ആപ്പുകൾ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തി. അപകടത്തിനു തൊട്ടുമുന്പ് എക്സ് ഫീഡിൽ അശ്ലീല ചിത്രങ്ങളും കണ്ടു.
ട്രക്കിന്റെ ഇടിയേറ്റ ഐച്ചിൻസണിന്റെ കാറ് മറ്റൊരു ടാങ്കറിൽ ഇടിക്കുകയും തുടർന്നുള്ള തീപിടിത്തത്തിൽ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിക്കുകയും ചെയ്തു. അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചതായി നീൽ പാറ്റ് കോടതിയിൽ സമ്മതിച്ചിരുന്നു. റോഡ് സുരക്ഷയേക്കാൾ സോഷ്യൽ മീഡിയയ്ക്ക് പ്രതി മുൻഗണന നല്കിയെന്നു കോടതിയും കണ്ടെത്തി.