വുഹാനിലെ കോവിഡ് റിപ്പോർട്ടർക്ക് വീണ്ടും തടവ്
Monday, September 22, 2025 1:40 AM IST
ബെയ്ജിംഗ്: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ അവസ്ഥ ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമപ്രവർത്തക ചാംഗ് ചാനിന് (42) വീണ്ടും നാലു വർഷത്തെ തടവുശിക്ഷ.
വഴക്കുണ്ടാക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണു വെള്ളിയാഴ്ച കോടതി ശിക്ഷ വിധിച്ചത്. 2020 ഡിസംബറിൽ അറസ്റ്റിലായപ്പോഴും ഇതേ കുറ്റത്തിന്റെ പേരിൽ നാലു വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട ചാംഗ് ചാൻ 2024 മേയിലാണു മോചിതയായത്.
2019 ഡിസംബറിൽ കോവിഡ് പടരാൻ തുടങ്ങിയ വുഹാൻ നഗരത്തിലെ ലോക്ഡൗൺ അവസ്ഥയെക്കുറിച്ച് റിപ്പോർട്ടുകൾ നല്കിയത് ചാംഗ് ചാൻ ആണ്. ചാംഗ് തയാറാക്കിയ അഭിമുഖങ്ങളിലൂടെയും വീഡിയോകളിലൂടെയും വുഹാനിലെ രോഗികൾ നിറഞ്ഞ ആശുപത്രികളെക്കുറിച്ചും വിജനമായ തെരുവുകളെക്കുറിച്ചും ലോകമറിഞ്ഞു.
എന്നാൽ, ചൈനീസ് ഭരണകൂടം ചാംഗിനെ അറസ്റ്റ് ചെയ്ത് പ്രതികാരം വീട്ടുകയാണുണ്ടായത്. ചാംഗ് ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു. ജയിൽ അധികൃതർ കൈകൾ കെട്ടിയിട്ടു ഭക്ഷണം നല്കുകയായിരുന്നു. ചാംഗിനെതിരേ ചുമത്തിയ കുറ്റങ്ങളിൽ കൃത്യമായ വിശദീകരണത്തിന് ചൈനീസ് ഭരണകൂടം തയാറായിട്ടില്ല.
ചാംഗിന്റെ മോചനത്തിനായി അന്താരാഷ്ട്രസമൂഹം ചൈനീസ് ഭരണകൂടത്തിനു മേൽ സമ്മർദം ചെലുത്തണമെന്ന് അന്താരാഷ്ട്ര മാധ്യമസംഘടനകൾ ആവശ്യപ്പെട്ടു. ചൈനയിൽ 124 മാധ്യമപ്രവർത്തകരെങ്കിലും തടവിലുണ്ടെന്നാണ് അനുമാനം.