ഗ്രാമി ജേതാവ് ബ്രെറ്റ് ജയിംസ് വിമാനാപകടത്തിൽ മരിച്ചു
Monday, September 22, 2025 1:40 AM IST
ഫ്രാങ്ക്ളിൻ: ഗ്രാമി പുരസ്കാരജേതാവായ അമേരിക്കൻ ഗാനരചയിതാവും ‘ജീസസ്, ടേക് ദ വീൽ’ എന്ന പ്രശസ്ത ക്രിസ്ത്യൻ ഗാനത്തിന്റെ സഹരചയിതാവുമായ ബ്രെറ്റ് ജയിംസ്(57) വിമാനാപകടത്തിൽ മരിച്ചു. ഇദ്ദേഹമുൾപ്പെടെ മൂന്നുപേർ സഞ്ചരിച്ച ചെറുവിമാനം നോർത്ത് കരോളിന സംസ്ഥാനത്തെ ഫ്രാങ്ക്ളിനടുത്ത് മാകോൺ കൗണ്ടി വിമാനത്താവളത്തിനു സമീപം തകർന്നുവീഴുകയായിരുന്നു.
ക്രിസ്തീയ സംഗീതത്തിനും കൺട്രി ഗാനത്തിനും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ജയിംസ് 2005ൽ പ്രമുഖ അമേരിക്കൻ ഗായിക കാരി അണ്ടർവുഡ് ആലപിച്ചു ഹിറ്റായ ‘ജീസസ്, ടേക്ക് ദ വീൽ’ എന്ന ഗാനത്തിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. ഹില്ലരി ലിൻഡ്സെ, ഗോർഡി സാംപ്സൺ എന്നിവരുമൊത്താണ് ഈ ഗാനം എഴുതിയത്. ഈ ഗാനത്തിന് മികച്ച കൺട്രി ഗാനത്തിനുള്ള ഗ്രാമി അവാർഡ് നേടുകയും ഈ ഗാനം ദശലക്ഷക്കണക്കിന് ആളുകളുടെ ആത്മീയഗാനമായി മാറുകയും ചെയ്തു.
അദ്ദേഹത്തിന്റെ ‘വാട്ട് ചൈൽഡ് ഈസ് ദിസ്’, ‘വാട്ട് എ ഫ്രണ്ട് വി ഹാവ് ഇൻ ജീസസ്’ തുടങ്ങിയ ക്രിസ്തീയഗാനങ്ങളും പ്രശസ്തമാണ്. തന്റെ കരിയറിൽ 300ലധികം മേജർ ലേബൽ ഗാനങ്ങൾ എഴുതുകയും 500 ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്ത ജയിംസ് 2020ൽ നാഷ്വില്ലെ സോംഗ്റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയതും രണ്ടുതവണ അമേരിക്കൻ സൊസൈറ്റി ഓഫ് കംപോസേഴ്സ്, ഓഥേഴ്സ് ആൻഡ് പബ്ലിഷേഴ്സിന്റെ കൺട്രി സോംഗ് റൈറ്റർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടതുമുൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.