ബാഗ്രാം തന്നില്ലെങ്കിൽ മോശം അനുഭവം: ട്രംപ്
Monday, September 22, 2025 1:40 AM IST
വാഷിംഗ്ടൺ ഡിസി: അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വിമാനത്താവളം അമേരിക്കൻ സേനയ്ക്കു തിരിച്ചു തന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. രണ്ടു പതിറ്റാണ്ട് നീണ്ട അഫ്ഗാൻ അധിനിവേശത്തിൽ അമേരിക്കൻ സേനയുടെ മുഖ്യതാവളമായിരുന്ന ബാഗ്രാം തിരിച്ചുകിട്ടാൻ ശ്രമിക്കുന്നതായി ട്രംപ് വ്യാഴാഴ്ചയാണു വെളിപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇതിന് ചർച്ചകൾ നടത്തുന്നതായി ട്രംപ് വെള്ളിയാഴ്ച അറിയിച്ചു. ബാഗ്രം ഉടൻതന്നെ തിരിച്ചു തരണമെന്നു ശനിയാഴ്ചയും പറഞ്ഞു. ഇതിനു പിന്നാലെയാണ് മോശം കാര്യം സംഭവിക്കുമെന്ന ഭീഷണി.
ബാഗ്രാം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് വീണ്ടും അധിനിവേശം നടത്തുന്നതിനു തുല്യമായിരിക്കുമെന്നു ചില യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നല്കിയതായി റിപ്പോർട്ടുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുതരില്ലെന്നു താലിബാൻ വൃത്തങ്ങൾ ഇന്നലെ മറുപടി നല്കി.
രാഷ്ട്രീയ ധാരണയിലൂടെ ബാഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കാൻ ചിലർ ആഗ്രഹിക്കുന്നതായി അഫ്ഗാൻ പ്രതിരോധമന്ത്രാലയം ചീഫ് ഓഫ് സ്റ്റാഫ് ഫസീഹുദ്ദീൻ ഫിത്രാത് ചൂണ്ടിക്കാട്ടി.
ഇതിനായി അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണു പറയുന്നത്. അഫ്ഗാന് ഭൂമി വിട്ടുകൊടുക്കുന്ന ഒരിടപാടിനും തയാറല്ല. അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.