ഏഴു യുദ്ധം അവസാനിപ്പിച്ചു; നൊബേൽ വേണമെന്ന് ട്രംപ്
Monday, September 22, 2025 1:40 AM IST
വാഷിംഗ്ടൺ: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ഡോണൾഡ് ട്രംപ്. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച താൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാണെന്നും അമേരിക്കൻ പ്രസിഡന്റ് അവകാശപ്പെട്ടു. “മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ ലോകവേദിയിൽ ബഹുമാനിക്കപ്പെടുന്ന കാര്യങ്ങൾ നാം വീണ്ടും ചെയ്യുകയാണ്.
നമ്മൾ സമാധാന കരാറുകൾ ഉണ്ടാക്കുന്നു, യുദ്ധങ്ങൾ നിർത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും, തായ്ലൻഡും കംബോഡിയയും തമ്മിലുള്ള യുദ്ധങ്ങൾ നമ്മൾ നിർത്തി”- അമേരിക്കൻ കോർണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് അത്താഴവിരുന്നിൽ ട്രംപ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം വ്യാപാരബന്ധം ഉപയോഗിച്ചാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, തായ്ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, കൊസോവോ-സെർബിയ, ഇസ്രയേൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-കോംഗോ; അവയെല്ലാം അവസാനിപ്പിച്ചു. ഇതിൽ 60 ശതമാനവും വ്യാപാരബന്ധം ഉപയോഗിച്ചാണ് അവസാനിപ്പിച്ചത്. ഇന്ത്യയുടെ കാര്യമെടുക്കൂ, നിങ്ങൾ യുദ്ധം തുടരുകയാണെങ്കിൽ ഒരു തരത്തിലുള്ള വ്യാപാരവുമുണ്ടാവുകയില്ലെന്ന് പറഞ്ഞു. ഇതോടെ അവർ യുദ്ധം അവസാനിപ്പിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ തനിക്ക് നൊബേല്‍ നല്‍കണമെന്ന് ചിലര്‍ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഓരോന്നിനും നൊബേൽ സമ്മാനം നൽകേണ്ടിവരുമെന്നും താൻ അവരോട് പ്രതികരിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ എളുപ്പമാണെന്നാണ് കരുതിയിരുന്നത്. കാരണം പ്രസിഡന്റ് പുടിനുമായി നല്ല ബന്ധമാണുള്ളത്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്ക് അത് സാധിക്കുമെന്നും ട്രംപ് പറഞ്ഞു.