1000 കരിയര്‍ ഗോള്‍ നാഴികക്കല്ലില്ലേക്ക് റൊണാൾഡോയും മെസിയും
Monday, September 22, 2025 1:53 AM IST
റിയാദ്/ന്യൂയോര്‍ക്ക്: ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസിയും തങ്ങളുടെ അവസാന മത്സരങ്ങളില്‍ ക്ലബ്ബുകള്‍ക്കുവേണ്ടി ഇരട്ട ഗോള്‍ സ്വന്തമാക്കി, അതും മണിക്കൂറുകളുടെ ഇടവേളയില്‍. റൊണാള്‍ഡോയുടെ ഡബിളില്‍ സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സി 5-1ന് അല്‍ റിയാദിനെ തകര്‍ത്തു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കുവേണ്ടി മെസി ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ടീം 3-2ന് ഡിസി യുണൈറ്റഡിനെ തോല്‍പ്പിച്ചു.
ഇതോടെ ഇരുവരും 1000 കരിയര്‍ ഗോള്‍ എന്ന നാഴികക്കല്ലില്ലേക്ക് ഒരു ചുവടുകൂടി അടുത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയര്‍ ഗോള്‍ സമ്പാദ്യം 945ല്‍ എത്തി. അതായത് 1000 ഗോള്‍ എന്ന അത്യപൂര്‍വ നേട്ടത്തിലേക്ക് പോര്‍ച്ചുഗീസ് ഇതിഹാസത്തിന് ഇനിയുള്ളത് വെറും 55 ഗോളിന്റെ മാത്രം അകലം. 1000 കരിയര്‍ ഗോളില്‍ ആദ്യം എത്തുക ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരിക്കുമെന്ന് ഉറപ്പ്.
ഡിസി യുണൈറ്റഡിന് എതിരായ ഇരട്ടഗോളോടെ ലയണല്‍ മെസിയുടെ കരിയര്‍ ഗോള്‍ നേട്ടം 882ല്‍ എത്തി. കരിയര്‍ ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്നാലെയുള്ള മെസിക്ക്, 1000 ഗോളിലേക്ക് 118 എണ്ണം കൂടി വേണം.
അല്‍ നസര്‍ 5-1 അല്‍ റിയാദ്
പോര്‍ച്ചുഗല്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും (33’, 76’) ജാവൊ ഫിലിക്സിന്റെയും (6’, 49’) ഇരട്ടഗോളുകളുടെ ബലത്തിലാണ് സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സി മിന്നും ജയം സ്വന്തമാക്കിയത്. കിംഗ്സ് ലി കോമാനും (30’) ഗോള്‍ നേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ അല്‍ റിയാദ് 1-5ന്റെ തോല്‍വിയിലേക്കു കൂപ്പുകുത്തി. ഒമ്പതു പോയിന്റുമായി അല്‍ നസര്‍ ലീഗിന്റെ തലപ്പത്ത് എത്തി.
ഇന്റര്‍ മയാമി 3-2 ഡിസി
ലയണല്‍ മെസിയുടെ (66’, 85’) ഇരട്ടഗോള്‍ ബലത്തിലായിരുന്നു മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) ഇന്റര്‍ മയാമി 3-2ന് ഡിസി യുണൈറ്റഡിനെ കീഴടക്കിയത്. ഔട്ട് സൈഡ് ബോക്സ് ഗോളുള്‍പ്പെടെ മിന്നും പ്രകടനമാണ് ലയണല്‍ മെസി നടത്തിയത്.
ലോകത്തില്‍ ഔട്ട് സൈഡ് ബോക്സ് ഗോളില്‍ ലയണല്‍ മെസിയെ വെല്ലാന്‍ ആളില്ലെന്ന് വീണ്ടും തെളിഞ്ഞു. മെസിക്ക് 102 ഔട്ട് സൈഡ് ബോക്സ് ഗോളുണ്ട്. ടഡെയൊ അലെന്‍ഡെയുടെ (35’) വകയായിരുന്നു മയാമിയുടെ ആദ്യ ഗോള്‍. മെസിയുടെ അസിസ്റ്റിലായിരുന്നു അലെന്‍ഡെ വലകുലുക്കിയത്.