റഗാസ ചൈനയിൽ; തായ്വാനിൽ 17 മരണം
Thursday, September 25, 2025 3:14 AM IST
ബെയ്ജിംഗ്: തായ്വാനിൽ നാശംവിതച്ച റഗാസ ചുഴലിക്കൊടുങ്കാറ്റ് ചൈനയിൽ പ്രവേശിച്ചു. കിഴക്കൻ ചൈനയിലെ പ്രവിശ്യയിൽനിന്ന് 20 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. തായ്വാനിൽ കൊടുങ്കാറ്റിലും പേമാരിയിലും 17 പേർ മരിക്കുകയും 120 പേരെ കാണാതാവുകയും ചെയ്തു.
ചൈനയുടെ തെക്കുകിഴക്കൻ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ തായ്ഷാൻ കൗണ്ടിയിൽ മണിക്കൂറിൽ 241 കിലോമീറ്റർ (150 മൈൽ) വേഗത്തിലാണ് കാറ്റ് വീശുന്നത്. കാറ്റഗറി അഞ്ചിൽപ്പെടുന്ന റഗാസ ചുഴലിക്കൊടുങ്കാറ്റ് ഈ വർഷം ഉണ്ടായതിൽവച്ച് ഏറ്റവും തീവ്രമായതാണ്.
ഹോങ്കോങ്ങിൽ വീശിയടിച്ച കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ 90 പേർക്കു പരിക്കേറ്റു. ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി. ഹോങ്കോങ്ങിലും മക്കാവോയിലും വിമാനസർവീസുകൾ റദ്ദാക്കി. നിരവധി കടകൾ അടച്ചു. നൂറുകണക്കിന് ആളുകൾ താത്കാലിക കേന്ദ്രങ്ങളിൽ അഭയം തേടി.
ബുധനാഴ്ച ഗ്വാംഗ്ഡോങ്ങിലെ യാൻജിയാംഗ് നഗരത്തിലെ ഹെയ്ലിംഗ് ദ്വീപിന്റെ തീരത്ത് ചുഴലിക്കാറ്റ് കരതൊട്ടതായി ചൈനീസ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റ് പടിഞ്ഞാറോട്ടു നീങ്ങുമ്പോൾ കാറ്റിന്റെ വേഗം ക്രമേണ കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്, എന്നാൽ, കൂടുതൽ ദിവസത്തേക്കു മേഖലയിൽ മഴ ശക്തമാകും. ഗ്വാംഗ്ഡോങ്ങിലെ സുഹായ്, ഷെൻഷെൻ, ഗ്വാംഗ്ഷോ എന്നിവിടങ്ങളിൽ കടൽവെള്ളം കയറുന്നത് തടയാൻ അധികൃതർ ശ്രമംനടത്തിവരികയാണ്.
സുഹായിൽ, പോലീസ് പട്രോളിംഗ് സംഘം മൈക്കിലൂടെ ആളുകളോട് വീട്ടിൽത്തന്നെ തുടരാൻ നിർദേശിച്ചു. ഗുവാംഗ്ഡോങ് പ്രവിശ്യയിലെ ഉയർന്നപ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തായ്വാനിൽ ഹുവാലിയൻ കൗണ്ടിയിലെ തടാകം കരകവിഞ്ഞതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചത്. തടാകം കരകവിഞ്ഞ് ഗ്വാംഗ്ഫു പട്ടണത്തിൽ വലിയ വെള്ളപ്പൊക്കത്തിന് കാരണമായി. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വലിയ നാശനഷ്ടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ആളുകളെ ഒഴിപ്പിക്കുന്നതിൽ അലംഭാവം ഉണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.