സമാധാനത്തിനായി ജപമാല ചൊല്ലാൻ അഭ്യർഥിച്ച് ലെയോ മാർപാപ്പ
Thursday, September 25, 2025 3:14 AM IST
വത്തിക്കാൻ സിറ്റി: ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലുന്നതിൽ പങ്കുചേരാനും സമാധാനം എന്ന ദൈവദാനത്തിനായി ജപമാല ചൊല്ലാനും ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
മരിയൻ ആത്മീയതയുടെ ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 11 ന് വൈകുന്നേരം ആറിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രത്യേക ജപമാല പ്രാർഥനയും മാർപാപ്പ പ്രഖ്യാപിച്ചു. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രതിവാര കൂടിക്കാഴ്ചാവേളയിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്.
“അടുത്ത മാസത്തിലെ എല്ലാ ദിവസവും വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും സമാധാനത്തിനായി ജപമാല ചൊല്ലാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു”-മാർപാപ്പ പറഞ്ഞു. ഒക്ടോബർ മാസം മുഴുവൻ വൈകുന്നേരം ഏഴിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജപമാല ചൊല്ലാൻ വത്തിക്കാൻ ജീവനക്കാരെയും മാർപാപ്പ ക്ഷണിച്ചു.
2025 പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 11, 12 തീയതികളിൽ മരിയൻ ആത്മീയതയുടെ ജൂബിലി ആഘോഷം വത്തിക്കാനിൽ നടക്കും.
ഇതിന്റെ ഭാഗമായി ഫാത്തിമ മാതാവിന്റെ യഥാർഥ തിരുസ്വരൂപം പോർച്ചുഗലിലെ ഫാത്തിമയിൽനിന്ന് എത്തിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രതിഷ്ഠിക്കും.
ജൂബിലിയോടനുബന്ധിച്ച് 12ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ലെയോ പതിനാലാമൻ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.