റാഗസയെ നേരിടാനൊരുങ്ങി ചൈന
Wednesday, September 24, 2025 12:32 AM IST
ഹോങ്കോംഗ്: റാഗസ മഹാ ചുഴലിക്കാറ്റിനെ നേരിടാനുള്ള നടപടികൾ ഊർജിതമാക്കി ചൈന. ആയിരക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കാനും പത്തോളം നഗരങ്ങളിലെ സ്കൂളുകളും ഓഫീസുകളും അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്തെ ഗ്വാങ്ടോങ് പ്രവിശ്യയിൽ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്നാണു നിഗമനം. ഇവിടെ 3,70,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. റഗാസ വരുംദിവസങ്ങളിൽ വടക്കൻ വിയറ്റ്നാമിലേക്കു നീങ്ങാനാണു സാധ്യത.
ഇന്നലെ ചൈനയിലെ സൂപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 700 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ റാഗസ ഇതിനോടകം വ്യാപക നാശനഷ്ടങ്ങൾ വിതച്ചുകഴിഞ്ഞു. പ്രളയത്തിലും മണ്ണിടിച്ചിലിലും ജനജീവിതം താറുമാറാകുകയും ചെയ്തിട്ടുണ്ട്.