പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസും
Wednesday, September 24, 2025 12:32 AM IST
ഗാസ: ഗാസയിൽ ഇസ്രയേൽ കരയുദ്ധം ശക്തമായി തുടരുന്നതിനു പിന്നാലെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസും. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതായി അറിയിച്ചത്.
ഗാസയിൽ നടക്കുന്ന ആക്രമണങ്ങൾക്ക് ഒരുതരത്തിലും ന്യായീകരണമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനം കെട്ടിപ്പടുക്കുന്നതിൽ അന്താരാഷ്ട്രസമൂഹം പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
193 അംഗം യുഎൻ പൊതുസഭയിൽ പലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം 147 ആയി. അന്താരാഷ്ട്ര സമൂഹത്തിൽ 80 ശതമാനവും ഇപ്പോൾ പലസ്തീനെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെ ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ കടുത്ത നയതന്ത്ര സമ്മർദം ഉയരുമെന്നാണു പ്രതീക്ഷ.
പലസ്തീൻ പ്രശ്നപരിഹാരത്തിനായി ഫ്രാൻസും സൗദിയും ആതിഥേയത്വം വഹിച്ച ഏകദിന ഉച്ചകോടിയിൽ അമേരിക്ക പങ്കെടുത്തില്ല. ജി7 രാജ്യങ്ങളായ ജർമനിയും ഇറ്റലിയും ഉച്ചകോടിയിൽനിന്നു വിട്ടുനിന്നു. യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നിവയ്ക്കു പിന്നാലെ ബെൽജിയം, ലക്സംബർഗ്, മാൾട്ട, അൻഡോറ, സാൻ മറിനോ എന്നിവയും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു.
ഇസ്രയേൽ ആക്രമണത്തിൽ 29 മരണം
ഗാസ പൂർണമായും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈനിക ആക്രമണം തുടരുകയാണ്. ഇന്നലെ നടന്ന ആക്രമണത്തിൽ 29 പലസ്തീൻകാരും ഒരു ഇസ്രേലി സൈനികനും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നഗരമധ്യത്തിലേക്ക് ഇസ്രേലി സൈന്യം നീങ്ങുന്നതായാണു റിപ്പോർട്ട്. നഗരത്തിൽനിന്നും ഒഴിയണമെന്ന സൈന്യത്തിന്റെ നിർദേശത്തെ തുടർന്ന് ആളുകൾ പലായനം തുടരുകയാണ്. ഗാസയിലെ ഒരിടവും സുരക്ഷിതമല്ലാതായിരിക്കുകയാണ്. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ആശുപത്രികൾ അടച്ചിടേണ്ട അവസ്ഥയിലാണ്. ഗാസയിലെ അവശേഷിക്കുന്ന ആശുപത്രികൾകൂടി ഉടനെ അടച്ചിടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
കഴിഞ്ഞ ദിവസം ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു. മേജർ ഷഹർ നെറ്റനെൽ ബൊസഗ്ലോ (27) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഇസ്രേലി ടാങ്കുകൾക്കു നേരേ ഹമാസ് നടത്തിയ ആക്രമണത്തിൽ ഷഹർ നെറ്റനെലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞയാഴ്ച ഗാസ സിറ്റിയിൽ ഹമാസിനെതിരേ ഐഡിഎഫ് കരയുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്ന ആദ്യത്തെ സൈനികനാണ് അദ്ദേഹം.