ചൈനയിൽനിന്ന് ഇറക്കുമതി കുതിക്കുന്നു; കയറ്റുമതി കിതയ്ക്കുന്നു
Wednesday, September 24, 2025 12:33 AM IST
ന്യൂഡൽഹി: ചൈനയിൽനിന്ന് ഇന്ത്യയുടെ ഇറക്കുമതി റിക്കാർഡിൽ. കഴിഞ്ഞ മാസം 12.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയത്.
ആപ്പിൾ കന്പനിയുടെ ഐഫോണ്‍ വിതരണക്കാർ ഉത്പാദനം ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റിയതാണ് ഇറക്കുമതി ഉയരാനുള്ള കാരണമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഉത്പാദനം ഇന്ത്യയിലേക്ക് മാറിയിട്ടും, ഈ കന്പനികൾ ചൈനീസ് ഭാഗങ്ങളെയും ഉപകരണങ്ങളെയും വളരെയധികം ആശ്രയിക്കുന്നത് ബെയ്ജിംഗിൽ നിന്നുള്ള കയറ്റുമതി ഉയർത്തുന്നു.
2025 ജൂലൈയിൽ മാത്രം ചൈന ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ കംപ്യൂട്ടർ ചിപ്പുകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. അതിനുപുറമെ, ഇന്ത്യയിലുടനീളം ഇലക്ട്രോണിക്സ് അസംബ്ലിയെ പിന്തുണയ്ക്കുന്നതിനായി കോടിക്കണക്കിന് ഫോണുകളും ഘടകങ്ങളും അയച്ചു.
ബെയ്ജിംഗ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് ഈ വർഷം ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതി കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടക്കുമെന്നാണ്. ഇതുവരെയുള്ള കയറ്റുമതിയുടെ മൂല്യം 2021ലെ ആകെത്തുകയ്ക്ക് തുല്യമാണ്.
ഇന്ത്യ-ചൈന വ്യാപാരം കണക്കിൽ
ഇന്ത്യ ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് ഒരു രാജ്യവുമായുള്ള മറ്റൊരു രാജ്യത്തിന്റെ എക്കാലത്തെയും വലിയ വ്യാപാര കമ്മിക്ക് കാരണമായി. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച്, 2024-25 സാന്പത്തിക വർഷത്തിൽ ചൈനയിൽനിന്നുള്ള ഇറക്കുമതി ആകെ 113.46 ബില്യണ്‍ ഡോളറായിരുന്നു, അതേസമയം ചൈനയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വെറും 14.25 ബില്യണ്‍ ഡോളറും. ഇത് 99.21 ബില്യണ്‍ ഡോളറിന്റെ കമ്മിയാണ് കാണിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ അസന്തുലിതാവസ്ഥ വർധിക്കുകയാണ് ചെയ്തത്. 2014-15 വ്യാപാര കമ്മി 48.45 ബില്യണ്‍ ഡോളർ, 2017-18ൽ 63.05 ബില്യണ്‍ ഡോളർ, 2021-22ൽ 73.01 ബില്യണ്‍ ഡോളർ, 2024-25ൽ 99.21 ബില്യണ്‍ ഡോളർ എന്നിങ്ങനെയാണ് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി.
2014-15 ൽ 60.41 ബില്യണ്‍ ഡോളറായിരുന്ന ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 2024-25 ൽ 113.46 ബില്യണ്‍ ഡോളറായി വളർന്നു. അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി താഴ്ന്നതും അസ്ഥിരവുമായി തുടരുന്നു; ഇതേ കാലയളവിൽ ഒന്‍പത് ബില്യണ്‍ ഡോളറിനും 21 ബില്യണ്‍ ഡോളറിനും ഇടയിൽ മാത്രം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇന്ത്യൻ കയറ്റുമതി പ്രധാനമായും അസംസ്കൃത വസ്തുക്കൾ, ഇരുന്പയിര്, ലൈറ്റ് നാഫ്ത, പി-സൈലീൻ, ചെമ്മീൻ, ആവണക്കെണ്ണ എന്നിവയായിരുന്നു. ഇലക്ട്രോണിക്സ്, യന്ത്രങ്ങൾ, പേഴ്സണൽ കംപ്യൂട്ടറുകൾ, മോണോലിത്തിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ, ലിഥിയം-അയണ്‍ ബാറ്ററികൾ, വളങ്ങൾ എന്നിവയിലൂടെ ചൈനീസ് കയറ്റുമതി ഇന്ത്യൻ വിപണികളിൽ കൂടുതൽ ആധിപത്യം സ്ഥാപിച്ചു.
ആഗോള വ്യാപാര മാറ്റങ്ങൾ ചൈനയുടെ വ്യാപ്തി വർധിപ്പിക്കുന്നു
ട്രംപ് കാലഘട്ടത്തിലെ തീരുവകൾ യുഎസ് വിപണിയിലേക്കുള്ള ചൈനയുടെ പ്രവേശനം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് കയറ്റുമതി കുതിച്ചുചാട്ടം ഉണ്ടായത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന തീരുവകൾ ഉണ്ടായിരുന്നിട്ടും ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവയുൾപ്പെടെയുള്ള ബദൽ വിപണികളിൽ ചൈനീസ് നിർമാതാക്കൾ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചു.
ഈ മേഖലകളിലേക്കുള്ള കയറ്റുമതി പുതിയ റിക്കാർഡുകൾ സൃഷ്ടിക്കുന്നു. 2025 ഓഗസ്റ്റിൽ ഇന്ത്യയുടെ വാങ്ങലുകൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ആഫ്രിക്കയിലേക്കുള്ള കയറ്റുമതി വാർഷിക റിക്കാർഡ് പാതയിലാണ്. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വിൽപ്പന ഏറ്റവും ഉയർന്ന നിലയിലാണ്.
ഇന്ത്യയുടെ വർധിച്ചുവരുന്ന ആശ്രയത്വം
ഒബ്സർവേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്സിറ്റി (ഒഇസി) പ്രകാരം, 2025 ജൂലൈയിൽ മാത്രം ഇന്ത്യ ചൈനയിൽനിന്ന് ഏകദേശം 10.9 ബില്യണ്‍ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തു, കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 6.04 ശതമാനം വർധന.
ഇന്ത്യ ചൈനയിൽനിന്നും നടത്തുന്ന വൻതോതിലുള്ള ഇറക്കുമതികൾ ആഗോള വ്യാപാര രംഗത്തെ മാറ്റിമറിക്കുന്നതാണ്. ആപ്പിൾ ഐഫോണുകളുടെ അസംബ്ലി ഇന്ത്യക്ക് പ്രയോജനകരമാണെങ്കിലും ചൈനീസ് ഘടകങ്ങളെ ആശ്രയിക്കുന്നത് തുടരുന്നു. വ്യാപാരക്കമ്മി 100 ബില്യൺ ഡോളറിനോട് അടുക്കുന്നതും ചൈനയുടെ മേലുള്ള അമിതാശ്രയത്വവുമാണ് ഇന്ത്യ നേരിടുന്ന യാഥാർഥ്യങ്ങൾ.
പരിശോധന ശക്തമാക്കി ഇന്ത്യ
ചൈനയിൽനിന്നുള്ള ഇറക്കുമതി ഉയർന്നതോടെ ഇന്ത്യൻ അധികാരികൾ ആന്റി-ഡംപിംഗ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സമീപ ആഴ്ചകളിൽ, ചൈനയിൽനിന്നും വിയറ്റ്നാമിൽനിന്നുമുള്ള ഉത്പന്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി 50 അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇത് ആഭ്യന്തര വിപണികളിൽ വിലകുറഞ്ഞ ഇറക്കുമതി സാധനങ്ങൾ നിറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പ്രതിഫലിപ്പിക്കുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.