ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ
Tuesday, September 23, 2025 12:10 AM IST
ന്യൂഡൽഹി: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന് അന്പത് ശതമാനത്തിൽ താഴെ ഉടമസ്ഥതയുള്ള സ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കുക.
അരഡസനോളം പൊതുമേഖലാ കന്പനികളിലുള്ള സർക്കാർ ഓഹരികളാണ് വിൽക്കുന്നതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസ്ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി അരുണിഷ് ചൗള സിഎൻബിസി ടിവി18 ചാനലിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതൊക്കെ കന്പനികളുടെ ഓഹരികളാണ് വിൽപ്പനയ്ക്കു പരിഗണിക്കുന്നതെന്ന് ചൗള വ്യക്തമാക്കിയില്ല.
യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുൾപ്പെടെ അഞ്ച് പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാനും രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കന്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാനും സർക്കാർ നിർബന്ധിതരാണ്. നിയമമനുസരിച്ച് എൽഐസിയിലെ ഓഹരി പങ്കാളിത്തം സർക്കാരിന് കുറയ്ക്കേണ്ടതുണ്ട്.
പ്രകൃതിവിഭവ മേഖലയിലെ ഒരു പൊതുമേഖല സ്ഥാപനത്തിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടക്കുമെന്നും ചൗള സൂചന നല്കി. ഏതു കന്പനിയുടെ ഓഹരിയാണ് വിൽപ്പന നടത്തുകയെന്ന് ചൗള വ്യക്തമാക്കിയില്ല. ഒഎൻജിസി, എൻഎച്ച്പിസി എന്നിവയിലെ ഹരിതോർജ യൂണിറ്റുകളായ ഒഎൻജിസി ഗ്രീൻ എനർജി, എൻഎച്ച്പിസി റിന്യൂവബിൾ എനർജി എന്നിവയുടെ ഐപിഒയാകും നടക്കുയെന്നാണ് വിവരം. ഈ കന്പനികളുടെ ഐപിഒ ഈ വർഷം തന്നെ നടക്കുമെന്നാണ് സൂചന.
ഇതിനൊപ്പം മറ്റ് ചില പൊതുമേഖല സ്ഥാപനങ്ങളിലെ ചെറിയ ശതമാനം ഓഹരികൾ വിറ്റൊഴിയാനും സർക്കാരിന് പദ്ധതിയുണ്ട്. ഇൻഷ്വറൻസ്, പ്രതിരോധ കന്പനികളുടെ കൂടുതൽ ഓഹരികൾ വിറ്റഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2026 മാർച്ച് 31ന് അവസാനിക്കുന്ന ഈ സാന്പത്തികവർഷത്തിൽ ഓഹരി വില്പനയിലൂടെയും ആസ്തി ധനസന്പാദനത്തിലൂടെയും കേന്ദ്രസർക്കാർ 47,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കൽ പൂർണമാകുമെന്നാണ് കരുതുന്നതെന്ന് ചൗള പ്രത്യാശ പ്രകടിപ്പിച്ചു.