ഭൂപതിവ് ചട്ടഭേദഗതി നിർദേശങ്ങളോടു വിയോജിച്ച് യുഡിഎഫ് അംഗങ്ങൾ
Tuesday, September 23, 2025 2:03 AM IST
തിരുവനന്തപുരം: സർക്കാർ കൊണ്ടുവരുന്ന ഭൂപതിവ് നിയമത്തിലെ ചട്ടഭേദഗതിയോട് എതിർപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം.
ഇടുക്കി ഉൾപ്പെടെയുള്ള മലയോരമേഖലയിലെ ഭാവി വികസന സാധ്യതകളെ മുഴുവൻ ഇല്ലാതാക്കുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ചട്ട ഭേദഗതിയോടു യോജിക്കുവാൻ സാധിക്കില്ലെന്ന് യുഡിഎഫ് പ്രതിനിധികൾ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ അറിയിച്ചതായാണു വിവരം.
എല്ലാ നികുതിയും അടച്ച് ചട്ടങ്ങൾ പാലിച്ച് അനുമതിയോടെ വാണിജ്യാവശ്യത്തിന് കെട്ടിടം നിർമിച്ചവരെയെല്ലാം കുറ്റക്കാരായി കണക്കാക്കി വൻതുക പിഴ ചുമത്തി നിർമാണങ്ങൾ ക്രമവത്കരിച്ചു നൽകാനുള്ള നീക്കം ഭൂവുടമകളോടുള്ള വെല്ലുവിളിയാണ്.
സർക്കാരിന്റെ അനുമതിയോടെ നിർമിച്ച കെട്ടിടങ്ങൾക്കുമേൽ പലതട്ടുകളിലായി കൂടുതൽ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത് അന്യായമാണെന്ന് യുഡിഎഫ് പ്രതിനിധികൾ വാദിച്ചു.
എൻഒസി ഉൾപ്പെടെ ലഭിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ക്വാറികളാണങ്കിൽ ചട്ടഭേദഗതി വഴി റെഗുലറൈസ് ചെയ്യും. പക്ഷേ ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനം ഫീസ് അടയ്ക്കണം. ഇത് നിർമാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കും. പട്ടയ വ്യവസ്ഥ ലംഘിച്ച ഭൂമി കൈമാറിയിട്ടുണ്ടെങ്കിൽ നിലവിലുള്ള ഉടമ ഫീസ് അടയ്ക്കണമെന്ന വ്യവസ്ഥയോട് യോജിക്കാൻ സാധിക്കില്ല.
നിശ്ചിത സമയപരിധിക്കുള്ളിൽ ക്രമവത്കരണത്തിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലാത്തപക്ഷം പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള വ്യവസ്ഥ ദുരുപയോഗം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥർ പട്ടയം റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണ്.
വീടുകൾ എല്ലാം ക്രമവത്കരണത്തിൽനിന്ന് ഒഴിവാക്കണം. ഭൂപതിവു നിയമം ലംഘിച്ചുള്ള നിർമാണം പാടില്ലെന്നു സർക്കാർ ഉത്തരവിറക്കുന്നത് 2019 ഓഗസ്റ്റ് 22നാണ്. ഇതിനു മുന്പു കെട്ടിടനിർമാണത്തിന് അനുമതി ലഭിച്ചു നിർമാണം നടത്തിയിട്ടുള്ള എല്ലാ വാണിജ്യ നിർമാണങ്ങളും പിഴയീടാക്കാതെ ക്രമവത്കരിക്കണം.
ചട്ടം നടപ്പാക്കുന്നതോടെ പട്ടയഭൂമിയിൽ ഇനി യാതൊരു നിർമാണ പ്രവർത്തനങ്ങളും സാധ്യമല്ല എന്ന അവസ്ഥ സംജാതമാകുകയാണ്. ഇതു തിരുത്തപ്പെടേണ്ടതാണെന്നും ഇവർ പറഞ്ഞു.
പട്ടയഭൂമിയിലെ നിർമിതികളുടെ ക്രമവത്കരണത്തിന്റെ പേരിൽ മലയോര മേഖലയിലെ ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് ചട്ട ഭേദഗതിയിലൂടെ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സനീഷ്കുമാർ ജോസഫ്, എൻ.എ. നെല്ലിക്കുന്ന് എന്നിവരാണ് സബ്ജക്ട് കമ്മിറ്റിയിലെ യുഡിഎഫ് പ്രതിനിധികൾ.