മാർ തൂങ്കുഴിയുടെ സംസ്കാര ശുശ്രൂഷകൾക്ക് ഇന്നു തുടക്കം
Sunday, September 21, 2025 1:02 AM IST
തൃശൂർ: തീരാവേദനയോടെ ഇന്നു വിശ്വാസീസമൂഹം ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്കു കണ്ണീർപ്രണാമമർപ്പിക്കും. അഞ്ചു ദശാബ്ദത്തിലേറെ തങ്ങളെ നയിച്ച തൂങ്കുഴിപ്പിതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ഇന്ന് ആയിരങ്ങൾ തൃശൂരിലെത്തും.
സംസ്കാരം നാളെ കോഴിക്കോട് കോട്ടൂളിയിൽ
സംസ്കാരശുശ്രൂഷകളുടെ ആദ്യഘട്ടങ്ങൾക്കും വിലാപയാത്രയ്ക്കും നഗരികാണിക്കലിനും പൊതുദർശനത്തിനുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. മൃതസംസ്കാരം കോഴിക്കോട് കോട്ടൂളിയിൽ നാളെ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
സംസ്കാര ശുശ്രൂഷയുടെ ഒന്നാംഘട്ടം ഇന്നു രാവിലെ 11.30നു തൃശൂർ അതിരൂപതാ മന്ദിരത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ നടത്തും. ഉച്ചയ്ക്കു 12.15നു ഭൗതികദേഹം തൃശൂർ ഡോളേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുപോകും.
ബസിലിക്കയിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞു 3.30നു വിലാപയാത്ര തുടങ്ങും. ബസിലിക്കയിൽനിന്നു ഹൈറോഡിലേക്കു കടന്ന് തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി പാറമേക്കാവ് ജംഗ്ഷൻ വഴി സെന്റ് തോമസ് കോളജ് റോഡിലൂടെ വിലാപയാത്ര ലൂർദ് കത്തീഡ്രലിലെത്തും.
വൈകുന്നേരം അഞ്ചിന് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സന്ദേശം നൽകും.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഷംഷാബാദ് ആർച്ച്ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർ സഹകാർമികരാകും. കത്തീഡ്രലിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികദേഹത്തിൽ രാത്രിയിലും അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ടാവും.
നാളെ രാവിലെ 9.30 വരെ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനം. 9.30നു സംസ്കാര ശുശ്രൂഷയുടെ രണ്ടാംഘട്ടം സീറോ മലബാർ സഭാ മുൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ നടത്തും.
10നു വിശുദ്ധ കുർബാനയ്ക്കുമുന്പ് മാർ ആൻഡ്രൂസ് താഴത്ത് അനുസ്മരണപ്രസംഗം നടത്തും. തുടർന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയോടുകൂടി സംസ്കാരശുശ്രൂഷയുടെ മൂന്നാം ഘട്ടം. മാനന്തവാടി ബിഷപ് മാർ ജോസഫ് പൊരുന്നേടം അനുസ്മരണസന്ദേശം നൽകും. തുടർന്ന് ഉച്ചയ് ക്ക് ഒന്നോടെ കോഴിക്കോട്ടേക്കു മൃതദേഹം കൊണ്ടുപോകും.
വൈകുന്നേരം നാലുമുതൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ പൊതുദർശനം. തുടർന്ന് 6.30നു മൃതസംസ്കാര ശുശ്രൂഷയുടെ സമാപനകർമങ്ങൾ കോഴിക്കോട് കോട്ടൂളിയിൽ ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ ജനറലേറ്റായ ഹോം ഓഫ് ലവിൽ നടക്കും.