തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടര്‍പട്ടിക പരിഷ്കരണം വേണ്ടെന്ന് പാര്‍ട്ടികള്‍
Sunday, September 21, 2025 1:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പു നടപടി തുടങ്ങിയ സാഹചര്യത്തില്‍ ഇതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി (എസ്ഐആര്‍) മുന്നോട്ടു പോകരുതെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികൾ.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശാനുസരണം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന ബൂത്ത് തല ഏജന്റുമാര്‍ (ബിഎല്‍എ) വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ സജീവമായി പങ്കെടുക്കേണ്ടവരാണ്. ഇവരില്‍ പലരും തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും പ്രചാരകരുമാണ്. ഇതിനാൽ രണ്ടു തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷന് നിയോഗിക്കുന്ന ബിഎല്‍ഒമാര്‍ തദ്ദേശ തെരഞ്ഞെടുപ്പു ജോലികളില്‍ വരാത്ത സാഹചര്യത്തില്‍ ഇരു വോട്ടെടുപ്പുകളും തമ്മില്‍ ബാധിക്കില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറുമായി സംസാരിച്ചതില്‍നിന്നു വ്യക്തമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ ആവശ്യമില്ലെന്നും വോട്ടര്‍ പട്ടിക ശുദ്ധീകരണ നടപടികളാണ് വേണ്ടതെന്നും നിര്‍ദേശമുയര്‍ന്നു. ആധാര്‍ കാര്‍ഡ് 13-ാമത് രേഖയായി ഉള്‍പ്പെടുത്തിയിട്ടും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ എല്ലാ കുടുംബങ്ങള്ക്കമുള്ള റേഷന്‍ കാര്‍ഡ് ആധികാരിക രേഖകളുടെ പട്ടികയില്‍ തെരഞ്ഞെടുപ്പു കമ്മീഷന് ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ (ഉന്നതി) സന്ദര്‍ശനം നടത്തിയപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശിച്ച 12 രേഖകളില്‍ മൂന്ന്, നാല് രേഖകള്‍ ഇവരുടെ കൈവശമുണ്ടെന്നു മനസിലാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രവാസി വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം.
വോട്ടര്‍പട്ടിക പരിഷ്കരണത്തിന് അടിസ്ഥാന രേഖയായി 2002ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി പരിഷ്കരിച്ച പട്ടിക ഉപയോഗിക്കുന്നതാകും ഉചിതമെന്നും സിപിഎമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത എം.വി. ജയരാജന് പറഞ്ഞു.
ഇരട്ടവോട്ട്, ഡ്യുപ്ലിക്കേറ്റ് വോട്ട്, മരിച്ചവരെ പട്ടികയില്‍നിന്നു നീക്കംചെയ്യല്‍ തുടങ്ങിയവയിലാണ് കേരളത്തില്‍ പരാതികള്‍ ഏറെയുള്ളതെന്നും ഇത്തരം ശുദ്ധീകരണ നടപടിക്രമങ്ങളാണ് കേരളത്തില്‍ നടപ്പാക്കേണ്ടതെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച പി.സി. വിഷ്ണുനാഥ് എംഎല്‍എ വ്യക്തമാക്കി. 23 വര്‍ഷം മുന്‍പുള്ള വോട്ടര്‍പട്ടിക അടിസ്ഥാനരേഖയാക്കുന്നത് കാലഹരണപ്പെട്ട നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎല്‍ഒമാരെ ഉപയോഗിച്ചുള്ള വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ടര്‍പട്ടിക പുതുക്കലാണ് ഇപ്പോള്‍ നടപ്പാക്കേണ്ടതെന്ന് സിപിഐയിലെ കെ. രാജു ആവശ്യപ്പെട്ടു. സി.പി. ചെറിയമുഹമ്മദ് (മുസ്ലിം ലീഗ്), ജോയ് ഏബ്രഹാം (കേരള കോണ്‍ഗ്രസ്), കെ. അനന്തകുമാര്‍ (കേരള കോണ്‍ഗ്രസ് -എം), ബി. ഗോപാലകൃഷ്ണന് (ബിജെപി), പി.ജി. പ്രസന്നകുമാര്‍ (ആര്‍എസ്പി) തുടങ്ങിയവര്‍ പങ്കെടുത്തു.