മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ അമയന്നൂരിന്റെ ദ്വിതീയ ബിഷപ്
Saturday, September 20, 2025 1:24 AM IST
റെജി ജോസഫ്
കോട്ടയം: അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയ്ക്കു വീണ്ടും അനുഗ്രഹവേള. മുന്‍ തിരുവല്ല രൂപതാധ്യക്ഷന്‍, കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസിനു ശേഷം ഈ ഇടവകക്കാരനായ റവ.ഡോ. കുര്യാക്കോസ് തടത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക ശുശ്രൂഷകള്‍ക്കായുള്ള ബിഷപ് ആകുന്നു.
ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസിന്റെ ചൂണ്ടേവാലേല് കുടുംബവും തടത്തില്‍ കുടുംബവും ഒരേ വേളയിലാണ് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടത്. ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസിനെ റമ്പാന് സ്ഥാനത്തേക്ക് ഉയര്‍ത്തിയതും അമയന്നൂര്‍ പള്ളിയിലാണ്.അമയന്നൂരില്‍ ഇടവക ദേവാലയവും ഇതര സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് തടത്തില്‍ കുടുംബവും മുന്നിലുണ്ടായിരുന്നു.
അമയന്നൂര്‍ സെന്റ് മേരീസ് എല്‍പിഎസിലും അമയന്നൂര്‍ എച്ച്എസിലും സ്കൂള്‍ പഠനത്തിനുശേഷമാണ് സണ്ണി എന്ന കുര്യാക്കോസ് തോമസ് മലങ്കര മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്. തിരുവല്ല ഇന്‍ഫന്റ് മേരീസ് മൈനര്‍ സെമിനാരിയിലും പ്രീഡിഗ്രി പഠനം ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജിലും പൂര്‍ത്തിയാക്കി.
തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നടത്തി. അജപാലന ശുശ്രൂഷയോടൊപ്പം തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.
92 മലങ്കര കത്തോലിക്കാ ഭവനങ്ങളുള്ള അമയന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ റവ.ഡോ. കുര്യാക്കോസ് തടത്തിലിന്റെ മെത്രാന് പ്രഖ്യാപനത്തിനൊപ്പം പ്രത്യേകം പ്രാര്‍ഥനകള്‍ നടന്നു. ബ്രിട്ടനില്‍നിന്നു വ്യാഴാഴ്ച വൈകുന്നേരമാണ് നിയുക്ത ബിഷപ് കേരളത്തിലെത്തിയത്.
2021 മുതല്‍ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജണിന്റെ സഭാതല കോ ഓര്‍ഡിനേറ്ററായി ശുശ്രൂഷ ചെയ്തുവരുന്നു. നിയുക്ത ബിഷപ്പിന്റെ സഹോദരങ്ങളായ മാത്യുവും സ്കറിയയും കര്‍ഷകരാണ്.
സഹോദരി മറിയാമ്മ തോമസ് (മിനി) യുകെയിലാണ്.