ഫലം നോക്കാതെ കർമം ചെയ്യുന്ന ഡോ. ജയരാജ്
Saturday, September 20, 2025 1:23 AM IST
സാബു ജോണ്
തിരുവനന്തപുരം: "കർമം ചെയ്യുക, ഫലം നോക്കേണ്ട'- എന്തു ചെയ്യുന്പോഴും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ മനസിലേക്കു കടന്നു വരുന്നത് ഇതാണ്. തൊഴിലിടങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മനസിലാക്കി അതു പരിഹരിക്കാനുള്ള എളിയശ്രമം എന്ന നിലയിൽ ഒരു സ്വകാര്യ ബില്ല് കൊണ്ടുവരുന്പോഴും ഇതുതന്നെയായിരുന്നു മനസിൽ.
സ്വകാര്യ ബിൽ എന്നു കേട്ടാൽ അപ്പോൾതന്നെ പരിഗണിക്കാൻ സാധിക്കില്ല എന്ന് മന്ത്രിമാർ മറുപടി നൽകും. ജയരാജിന്റെ ബില്ലിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. എന്നാൽ ജയരാജ് ഉന്നയിച്ച വിഷയം ശരിയാണെന്നും കുറേക്കൂടി ഗൗരവമായി പരിഗണിച്ചു പരിഹാരം കാണേണ്ടതാണെന്നും മറുപടി പറഞ്ഞ മന്ത്രി ഡോ. ആർ. ബിന്ദു സമ്മതിച്ചു. ഇതിൽതന്നെ സംതൃപ്തനായ ജയരാജ്, ഒരു തുടക്കമെങ്കിലും കുറിക്കാനായാൽ അതുതന്നെ വലിയ കാര്യം എന്നാണ് ജയരാജിന്റെ ഭാവം.
സ്വകാര്യ ബില്ലുകൾ പരിഗണിച്ചപ്പോഴേക്കും പ്രതിപക്ഷം സഭ വിട്ടിറങ്ങിയിരുന്നു. കുന്നംകുളത്ത് യൂത്ത് കോണ്ഗ്രസ് നേതാവിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് സഭാകവാടത്തിൽ സത്യഗ്രഹം നടത്തുന്ന രണ്ട് എംഎൽഎമാരോട് അനുഭാവം പ്രകടിപ്പിച്ചായിരുന്നു അവരുടെ ബഹിഷ്കരണം.
വെള്ളിയാഴ്ച ആയതിനാൽ ഭരണപക്ഷത്തും ആളു കുറവായിരുന്നു. ഇതുപോലെ പ്രധാനപ്പെട്ട ബില്ലുകൾ വരുന്പോൾ അംഗങ്ങൾ ഹാജരുണ്ടാകണമെന്നു ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞപ്പോൾ ജയരാജ് നിലപാടു വ്യക്തമാക്കി: കർമം ചെയ്യുക, ഫലം നോക്കേണ്ട.
തൊഴിലിടങ്ങളിലെ സുരക്ഷാപ്രശ്നങ്ങളുൾപ്പെടെ പല അംഗങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ടുവച്ചു. കളരി ആശാൻ കൂടിയായ കെ.പി. മോഹനന്റെ അഭിപ്രായത്തിൽ ഇത്തരം സ്ത്രീകൾ ആയോധനകലയിൽ പരിശീലനം നേടിയാൽ പിന്നെ സുരക്ഷിതത്വം ഓർത്തു പേടിക്കേണ്ടതില്ല.
ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന ബില്ലാണിതെന്നാണ് കെ. ശാന്തകുമാരി അഭിപ്രായപ്പെട്ടത്. ഇതൊരു തുടക്കമായി മാത്രമാണ് ശാന്തകുമാരി കാണുന്നത്. കേന്ദ്ര സർക്കാർ പുതിയ തൊഴിൽ കോഡുകൾ കൊണ്ടുവന്നപ്പോൾ സ്ത്രീകളുടെ അവകാശങ്ങളാണു കൂടുതലായി നഷ്ടപ്പെട്ടതെന്ന് സി.കെ. ആശ ചൂണ്ടിക്കാട്ടി.
ഇ.ടി. ടൈസണ് മാസ്റ്ററുടെ നല്ല മനസായിരുന്നു അദ്ദേഹം കൊണ്ടുവന്ന ബില്ലിന്റെ പിന്നിൽ തെളിഞ്ഞുകണ്ടത്. തെരുവോര പുനരധിവാസ ബില്ലിലൂടെ ടൈസണ് മാസ്റ്റർ ഉദ്ദേശിച്ചതു തെരുവുകളിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്കു നല്ലൊരു ജീവിതത്തിനു വഴിതെളിക്കുക എന്നതാണ്. അതിനുള്ള മാർഗങ്ങളും അദ്ദേഹം ബില്ലിൽ കണ്ടുവച്ചിട്ടുണ്ട്.
ബില്ലിനോടുള്ള സർക്കാർ സമീപനം വ്യക്തമാക്കിയത് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എം.ബി. രാജേഷ് ആണ്. അദ്ദേഹം പറഞ്ഞതാകട്ടെ തെരുവോര കച്ചവടക്കാരെക്കുറിച്ചും. ടൈസണ് മാസറ്റർ ബില്ലിൽ പറഞ്ഞതല്ല തദ്ദേശമന്ത്രി ഗ്രഹിച്ചത്. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധിയായ പദ്ധതികൾ ചൂണ്ടിക്കാട്ടി ബില്ല് പരിഗണിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
ക്ഷേമസമൂഹത്തേക്കുറിച്ചൊക്കെ വാചാലരാകുകയും അതിതീവ്ര ദാരിദ്യമുക്തമാകുന്നു എന്നുമൊക്കെ പറയുന്പോഴും ഇങ്ങനെയുള്ള ആൾക്കാർ ഇവിടെ ജീവിക്കുന്നു എന്നു കാണുന്നത് വൈരുധ്യമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. ഇവർക്കു കുറഞ്ഞപക്ഷം ഷെൽട്ടറുകളെങ്കിലും നിർമിച്ചു നൽകണം. സംസ്ഥാനത്ത് ആൾത്താമസമല്ലാത്ത വീടുകളിൽ ഇവരെ പുനരധിവസിപ്പിക്കാൻ പറ്റുമോ എന്നു ചിന്തിക്കണമെന്ന് ദെലീമ പറഞ്ഞു.
ഇവർക്കായി താമസകേന്ദ്രങ്ങൾ നിർമിക്കുന്പോൾ പ്രദേശവാസികളിൽ നിന്ന് എതിർപ്പുയരുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് സ്വന്തം അനുഭവത്തിൽനിന്ന് ടൈസണ് മാസ്റ്റർ ചൂണ്ടിക്കാട്ടി. എന്നാൽ ഇങ്ങനെയുള്ളവരെ സഹായിക്കാൻ തയാറുള്ള നിരവധി പേരുമുണ്ടെന്ന് ടൈസണ് മാസ്റ്റർ പറഞ്ഞു.
ശബരിമലയിൽ സ്വർണപ്പാളികളിൽ തൂക്കക്കുറവു കണ്ടെത്തിയ വിഷയം ഉയർത്തി അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം ഒരു ശ്രമം നടത്തി. കോടതിയിൽ ഇരിക്കുന്ന വിഷയം എന്ന ന്യായം പറഞ്ഞ് നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി പോലും സ്പീക്കർ നൽകിയില്ല. പ്രതിപക്ഷം വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു.
ഒരാഴ്ചത്തേക്ക് സഭ സമ്മേളിക്കുന്നില്ലാത്തതിനാൽ സഭാകവാടത്തിൽ രണ്ട് പ്രതിപക്ഷ അംഗങ്ങൾ നടത്തിവന്ന സത്യഗ്രഹം നിർത്തിവച്ചു. ഇനി സഭ സമ്മേളിക്കുന്ന ദിവസം പുനരാരംഭിക്കുമെന്നു പറഞ്ഞാണ് സത്യഗ്രഹം നിർത്തിയത്. ഇനി 29നു മാത്രമേ സഭ സമ്മേളിക്കുകയുള്ളൂ.