കിഴക്കേത്തെരുവ് കുറ്റിയിൽ വീട്ടിൽ ആഹ്ലാദം
Saturday, September 20, 2025 1:24 AM IST
രാജേഷ് എസ്. കൊട്ടാരക്കര
കൊട്ടാരക്കര: അപ്രതീക്ഷിതമായി ലഭിച്ച വലിയ ദൈവാനുഗ്രഹത്തിന്റെ സന്തോഷത്തിലാണ് കുറ്റിയിൽ വീട്. വലിയ കൃപ ചൊരിഞ്ഞ കർത്താവിനു കൈകൂപ്പി നന്ദിപറയുന്നു, നിയുക്ത മെത്രാൻ കിഴക്കേത്തെരുവ് കുറ്റിയിൽ വീട്ടിൽ മോൺ. ജോൺ കുറ്റിയിലിന്റെ മാതാവ് ഓമനയും സഹോദരൻ രാജീവും കുടുംബാംഗങ്ങളും.
പുതിയ നിയോഗത്തെക്കുറിച്ച് മകൻ പറയുന്പോഴാണ് അമ്മയും സഹോദരനും അറിയുന്നത്. ഏക സഹോദരനായ രാജീവ് കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിലെ അധ്യപകനാണ്. അമ്മയും സഹോദരനും അടൂരിൽ നടക്കുന്ന മലങ്കര കത്തോലിക്കാ സഭ പുരനരൈക്യ വാർഷികത്തിലും സഭാസംഗമത്തിലും പങ്കെടുക്കണമെന്ന് അച്ചനു നിർബന്ധമായിരുന്നു. ഈ വേദിയിലാണ് മകന്റെ പുതിയ സ്ഥാനലബ്ധി അമ്മയും സഹോദരനും കുടുംബാംഗങ്ങളും അറിഞ്ഞത്.
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കിഴക്കേത്തെരുവില്‍ കുറ്റിയില്‍ പരേതനായ രാജന്റെയും ഓമനയുടെ മകനാണ് നിയുക്ത സഹായമെത്രാന്‍ ഡോ. ജോണ്‍ കുറ്റിയിൽ. വൈദികപഠനം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയിലും തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങളും വൈദിക പരിശീലനവും സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയിലും പൂര്‍ത്തിയാക്കി. ഇതോടൊപ്പം തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം കരസ്ഥമാക്കി.
കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സെക്രട്ടറിയായിട്ടാണ് പ്രാഥമിക നിയമനം. തുടര്‍ന്നു റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഭാ നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.
2015-ല്‍ മേജര്‍ അതിഭദ്രാസനത്തില്‍ തിരികെയെത്തിയ ഡോ.ജോൺ കുറ്റിയില്‍ ചാല, കരമന, പാറോട്ടുകോണം, പാളയം സമാധാനരാജ്ഞി ബസിലിക്ക ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.