മുത്തങ്ങയിലെ അതിക്രമത്തിനു മാപ്പില്ല; ദുരിതം വിവരിച്ച് സി.കെ. ജാനു
Friday, September 19, 2025 1:45 AM IST
കൽപ്പറ്റ: മുത്തങ്ങ വനത്തിൽ ഭൂസമരം നടത്തിയ ആദിവാസികൾ നേരിട്ട പോലീസ് അതിക്രമത്തിനു മാപ്പില്ലെന്ന് ആദിവാസി ഗോത്രമഹാസഭാ സ്ഥാപക അധ്യക്ഷ സി.കെ. ജാനു.
മുത്തങ്ങ സംഭവത്തിൽ ഏറെ വേദനയുണ്ടെന്നു മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ എ.കെ. ആന്റണി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അവർ.
ജാനുവിന്റെയും ആദിവാസി ഗോത്രമഹാസഭാ കോ-ഓർഡിനേറ്റർ എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ വനത്തിൽ 2003 ജനുവരി നാലിന് ആരംഭിച്ച് ഫെബ്രുവരി 19 വരെ നീണ്ട ഭൂസമരം. കുടിയിറക്കിനുള്ള പോലീസ് നീക്കത്തിനിടെയും പിന്നീടും കൊടിയ മർദനമേറ്റ ആദിവാസികൾ നിരവധിയാണ്.
ജനിച്ച മണ്ണിൽ ജീവിക്കാനും മരിച്ചു കഴിഞ്ഞാൽ മറവുചെയ്യുന്നതിനുള്ള ആറടി മണ്ണിനും വേണ്ടിയുള്ള സമരമാണ് മുത്തങ്ങയിൽ നടന്നതെന്ന ജാനു പറഞ്ഞു. “പോലീസിന്റെ നരനായാട്ടാണ് വനത്തിലുണ്ടായത്. കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ പ്രായം ചെന്നവരെന്നോ വ്യത്യാസമില്ലാതെയായിരുന്നു പോലീസ് നടപടി.
കല്ലെറിയുന്പോൾ തേനീച്ചക്കൂട് ഇളകിവന്ന് ആക്രമിക്കുന്നതുപോലെയാണ് പോലീസുകാർ ആദിവാസികളെ കൂട്ടം ചേർന്ന് നേരിട്ടത്. അടി, ഇടി, ചവിട്ട്, തൊഴി ഇതൊക്കെ എവിടെനിന്നൊക്കെയാണു വരുന്നതെന്നു കാണാൻപോലും കഴിയുമായിരുന്നില്ല. ഇതിന് എങ്ങനെ മാപ്പുനൽകാൻ കഴിയും? പോലീസ് മർദനത്തിൽ പരിക്കേറ്റ ഞാൻ മൂന്നു മാസത്തോളം ചികിത്സയിലായിരുന്നു. സാധാരണ മനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കാൻപോലും പറ്റാത്ത സ്ഥിതിയായിരുന്നു. മുത്തങ്ങയിൽ നടന്നത് നടന്നതുതന്നെയാണ്. അത് മാപ്പുപറഞ്ഞ് തീർക്കാവുന്നതല്ല.
സമരത്തിൽ പങ്കെടുത്തവർ ജീവനോടെയിരിക്കുന്നിടത്തോളം അത് നിലനിൽക്കുമെന്നും”- ജാനു പറഞ്ഞു.