ശിവഗിരിയിലെ ജുഡീഷൽ കമ്മീഷൻ, മുത്തങ്ങയിലെ സിബിഐ റിപ്പോർട്ടുകൾ പുറത്തുവിടണം: എ.കെ. ആന്റണി
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: താൻ മുഖ്യമന്ത്രി ആയിരുന്ന സമയത്തുണ്ടായ ശിവഗിരിയിലെ പോലീസ് നടപടിയും മുത്തങ്ങയിലെ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പോലീസിന്റെ നടപടികളും സംബന്ധിച്ച അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ സർക്കാർ പുറത്തുവിടണമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി.
കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്കു മറുപടിയായി കെപിസിസിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് എ.കെ. ആന്റണി ഇക്കാര്യം ആവശ്യപ്പെട്ടത്.
ശിവഗിരിയിലെ പോലീസ് നടപടികളുമായി ബന്ധപ്പെട്ട് ജസ്റ്റീസ് ബാലകൃഷ്ണൻ അധ്യക്ഷനായ ജുഡീഷൽ കമ്മീഷൻ നല്കിയ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ട്. അത് വീണ്ടും ഒന്നു പരിശോധിക്കാൻ സർക്കാർ തയാറാവണം.
കേരള രാഷ്ട്രീയത്തിൽനിന്ന് 21 വർഷം മുൻപ് താൻ പിൻവാങ്ങിയതാണ്. എന്നാൽ, ഏകപക്ഷീയമായി ആക്രമിക്കുന്ന സ്ഥിതി ഉണ്ടായപ്പോഴാണ് പ്രതികരിക്കണമെന്നു തോന്നിയത്. ശിവഗിരിയിൽ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സ്വാമിമാർ തമ്മിലുള്ള പ്രശ്നമാണ് പോലീസ് നടപടിയിലേക്കു പോയത്.
പ്രകാശാനന്ദ പക്ഷമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ അധികാര കൈമാറ്റം നടത്താൻ ശാശ്വതീകാനന്ദ പക്ഷം തയാറായില്ല. ഇതിനെതിരേ പ്രകാശാനന്ദ കീഴ്ക്കോടതി മുതൽ ഹൈക്കോടതി വരെ കേസ് നടത്തി. ഹൈക്കോടതി ജസ്റ്റീസ് ബാലസുബ്രഹ്മണ്യം കേസിന്റെ വിധി പ്രസ്താവിച്ചു.
പ്രകാശാനന്ദ പക്ഷത്തിന് അധികാരം കൈമാറണമെന്ന ഉത്തരവ് കോടതി നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുതവണ പ്രകാശാനന്ദ ശിവഗിരിയിൽ പ്രവേശിക്കാനെത്തിയെങ്കിലും തടഞ്ഞു. ഇതിനു പിന്നാലെയാണ് സർക്കാരിനു കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്ന ഉത്തരവ് ഉണ്ടായതും പോലീസിന്റെ സഹായത്തോടെ കോടതി വിധി നടപ്പാക്കാൻ നീക്കം നടത്തിയതും.
ശിവഗിരിയിൽ അന്നുണ്ടായ സംഭവത്തിൽ തനിക്ക് വളരെ വേദനയുണ്ടെന്നും ആന്റണി പറഞ്ഞു. ശിവഗിരിയിൽ പിന്നീടൊരിക്കൽ പോയപ്പോൾ ഖേദം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുത്തങ്ങയിൽ താൻ ആദിവാസികളെ ചുട്ടുകരിച്ചുവെന്ന പ്രചാരണമാണ് നടത്തിയത്. മുത്തങ്ങയിലുണ്ടായ സംഭവത്തിലും ഏറെ വേദനയുണ്ട്.
മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടിയത് പൊളിച്ചുനീക്കണമെന്ന കർശന നിർദേശം അന്നത്തെ വാജ്പേയിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ നല്കി. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നുവട്ടം കേന്ദ്രം കത്തു നല്കി. വന്യജീവി സങ്കേതത്തിൽ കെട്ടിയ കുടിലുകൾ ഒഴിപ്പിക്കണമെന്ന നിലപാടായിരുന്നു അന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേതും.
അക്കാലത്തെ മാധ്യമവാർത്തകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. എന്നാൽ, പിന്നീട് ഇവരെല്ലാം നിലപാടു മാറ്റി. മുത്തങ്ങയിലെ പോലീസ് നടപടി സിബിഐ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.
ആരാണ് തെറ്റു ചെയ്തിട്ടുള്ളതെന്നു സിബിഐ റിപ്പോർട്ട് പുറത്തുവന്നാൽ വ്യക്തത ലഭിക്കും. ഈ രണ്ടു വിഷയങ്ങളിൽ പ്രതികരിക്കാനായാണ് താൻ എത്തിയതെന്നും മറ്റു വിഷയങ്ങളിൽ അഭിപ്രായപ്രകടനത്തിനില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. ഏറെ നാളുകൾക്കു ശേഷമാണ് എ.കെ. ആന്റണി പത്രസമ്മേളനത്തിനായി കെപിസിസി ഓഫീസിലെത്തിയത്.