സാനിറ്ററി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നു മന്ത്രി രാജേഷ്
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സാനിറ്ററി മാലിന്യവും സംസ്കരിക്കാനാകുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
തൃശൂർ കോർപറേഷൻ, പാലക്കാട്, വർക്കല നഗരസഭ, എളവള്ളി, കൊരട്ടി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇനി നാല് റീജണൽ പ്ലാന്റുകൾ കൂടി വരുമെന്നും വി.കെ. പ്രശാന്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ബ്രഹ്മപുരത്ത് ഒൻപത് ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യത്തിൽ 90 ശതമാനവും നീക്കിക്കഴിഞ്ഞു. 10 ശതമാനം അവശേഷിക്കുന്നത് ഒരു മാസത്തിനകം നീക്കും. മാത്രമല്ല, അവിടെ ഏതാണ്ട് 93 കോടി രൂപ ചെലവിൽ പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം സംസ്കരിക്കാൻ കഴിയുന്ന കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് പണി പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റണ്‍ വിജയകരമായി നടത്തി.