സുജിത്തിനെതിരേ മുഖ്യമന്ത്രി പറഞ്ഞ ആ 11 കേസുകൾ
Thursday, September 18, 2025 1:18 AM IST
തൃശൂർ: കുന്നംകുളത്ത് കസ്റ്റഡി മർദനത്തിനിരയായ കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത് 11 കേസുകളിൽ പ്രതിയാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിനു പിന്നാലെ കേസുകളുടെ വിശദാംശങ്ങൾ പുറത്ത്.
നിയമസഭയിൽ പോലീസുകാർക്കെതിരേ സ്വീകരിച്ച നടപടി വിശദമാക്കണമെന്ന് ആവശ്യപ്പെട്ടു ചാണ്ടി ഉമ്മൻ, സണ്ണി ജോസഫ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് 11 കേസുകളുടെ വിശദാംശങ്ങളും മുഖ്യമന്ത്രി സഭയിൽ വച്ചത്. 11 കേസുകളുടെയും എഫ്ഐആർ നിയമസഭയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.
2018 മുതൽ 2024 വരെ സുജിത്ത് ഒറ്റയ്ക്കും കൂട്ടുപ്രതിയായും ഉൾപ്പെട്ട കേസുകളാണിതെല്ലാം. ചില കേസ് വിവരങ്ങളിൽ തിരിച്ചറിയാവുന്ന വ്യക്തികളിൽ ഒരാൾ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് സമയത്തു സാമൂഹിക അകലം പാലിക്കാതിരിക്കൽ, പൊതുവഴി തടയൽ, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, നിയമവിരുദ്ധമായ സംഘംചേരൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
2022 ജൂണ്‍ 11നു രജിസ്റ്റർ ചെയ്ത ഒരു കേസ് 5,000 രൂപ പലിശയടക്കം തിരിച്ചുനൽകാത്തതിനു യുവാവിന്റെ നട്ടെല്ലിന് ഇടിച്ചു പരിക്കേൽപ്പിച്ചു എന്നതാണ്. മറ്റൊന്ന് ഇതേവർഷം ഏപ്രിലിൽ അയിനിക്കുളങ്ങര ക്ഷേത്രോത്സവച്ചടങ്ങുകൾ മുൻവൈരാഗ്യത്താൽ അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടാകുമെന്ന വിവരത്തിൽ മുൻകൂട്ടി അറസ്റ്റിലായതും. സുജിത്ത് ഉൾപ്പെടെ മൂന്നു പേരാണ് ഇതിൽ പ്രതികൾ.
2020 ജൂലൈയിൽ കോവിഡ് നിയന്ത്രണം ലംഘിച്ചു, പൈപ്പുകൾകൊണ്ടു പോലീസുകാരെ ആക്രമിച്ചു, പോലീസുകാരുടെ കൈയിലുണ്ടായിരുന്ന ഫൈബർ ലാത്തികൾ നശിപ്പിച്ചു എന്നിങ്ങനെയാണ് കേസ്. ഈ കേസിൽ 28 പ്രതികളുണ്ട്. ഇതേവർഷം സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. 2019ൽ സുജിത്തും മറ്റു രണ്ടുപേരും ചേർന്ന് പരാതിക്കാരനെ ഇരുന്പുപൈപ്പ്, വാൾ, മഴു എന്നിവകൊണ്ട് വെട്ടിയും അടിച്ചും ആക്രമിച്ചെന്നാണു കേസ്.
2018 മുതൽ 2019 മാർച്ച് വരെ പയ്യൂർ, എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ തുടർച്ചയായി ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്നു പറഞ്ഞും കേസെടുത്തു. കോവിഡ്-19 ലോക്ഡൗണ്‍ കാലയളവിൽ, വിലക്കയറ്റത്തിനെതിരേ സുജിത്തും മറ്റും ചേർന്നു പ്രതിഷേധപ്രകടനം നടത്തിയതിനു പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണു കേസെടുത്തത്.
2023 ഏപ്രിൽ അഞ്ചിനു കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിലാണു കുന്നംകുളം പോലീസ് സുജിത്തിനെ അറസ്റ്റ് ചെയ്തതും സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മർദിച്ചതും. കുന്നംകുളം എസ്ഐ ആയിരുന്ന എൻ. നുഹ്മാൻ തന്നെയാണ് ഈ കേസിലെ പരാതിക്കാരൻ.
പ്രതികൾ മദ്യപിക്കുന്നത് അറിഞ്ഞെത്തിയ പോലീസിനെ തടഞ്ഞെന്നും പ്രതികളെ ജീപ്പിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെന്നും തടഞ്ഞപ്പോൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും വാച്ച് പൊട്ടി 5,000 രൂപയുടെ നഷ്ടമുണ്ടായെന്നും നുഹ്മാന്റെ പരാതിയിൽ പറയുന്നു. 2024 മേയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്.
കുന്നംകുളം സ്റ്റേഷനിൽ സുജിത്തിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണു വിഷയം സഭയിലും ചർച്ചയായത്. നുഹ്മാൻ ഉൾപ്പെടെ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യമെങ്കിലും വകുപ്പുതല അച്ചടക്കനടപടിയുടെ പുനഃപരിശോധന നടന്നുവരുന്നു എന്നാണു മുഖ്യമന്ത്രിയുടെ സഭയിലെ മറുപടി.
എംഎൽഎമാരുടെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്
തിരുവനന്തപുരം: പോലീസ് കസ്റ്റഡി മർദനങ്ങളിൽ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിനു മുന്നിൽ രണ്ട് യുഡിഎഫ് എംഎൽഎമാർ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്.
കുന്നംകുളം കസ്റ്റഡി മർദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിലെ സനീഷ്കുമാർ ജോസഫും മുസ് ലിം ലീഗിലെ എ.കെ.എം. അഷ്റഫും സമരം തുടരുന്നത്.