പോലീസുകാരുടെ നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറികൾ സർക്കാർ നേരിട്ടു നടത്താനുള്ള തീരുമാനം പ്രാബല്യത്തിൽ
Thursday, September 18, 2025 1:18 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരിൽനിന്നുള്ള നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറികൾ നേരിട്ടു നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതിനെത്തുടർന്ന് നടപ്പാക്കിത്തുടങ്ങി. ഇനി എല്ലാ പിരിവുകളും സർക്കാർ നേരിട്ടു നടത്തും.
പോലീസ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് ഇത്. ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയതിനെത്തുടർന്നാണ് ഈ മാസം മുതൽ നടപ്പിലാക്കിത്തുടങ്ങിയത്. സ്റ്റാറ്റ്യൂട്ടറി റിക്കവറികളായ ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്റ്റേറ്റ് എൽഐസി, ജിപിഎഐ, പിഎഫ് തുടങ്ങിയ ശമ്പളത്തിൽനിന്നു നേരിട്ട് റിക്കവറി ചെയ്യുകയാണ്.
നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറികളും ശമ്പളത്തിൽനിന്നു സ്പാർക്ക് മുഖേന ഈടാക്കിത്തുടങ്ങി. പോലീസ് ക്ഷേമത്തിനുള്ള ഫണ്ടുകളിലേക്കുള്ള സംഭാവനകൾ, മെസ് ഫണ്ട്, അസോസിയേഷനിലേക്കുള്ള മാസവരി, സ്പോർട്സ് റിക്രിയേഷൻ ഫണ്ട്, സഹകരണ സംഘത്തിൽനിന്നുള്ള വായ്പകളുടെ തിരിച്ചടവ് തുടങ്ങിയവയാണ് സർക്കാർ ശമ്പളത്തിൽനിന്നു പിടിച്ചുതുടങ്ങിയത്.
താത്പര്യമുള്ളവർ മാത്രം നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറിക്ക് സമ്മതപത്രം നല്കിയാൽ മതി. അടിയന്തരഘട്ടങ്ങളിൽ രാജ്യത്ത് എവിടെയും ഡ്യൂട്ടിക്ക് നിയോഗിക്കാൻ സാധ്യതയുള്ളതിനാൽ നേരിട്ട് പണമടയ്ക്കാൻ പല സേനാംഗങ്ങൾക്കും കഴിയാതെവന്നിട്ടുണ്ട്. ഇത് ക്ഷേമപ്രവർത്തനങ്ങളെ തടസപ്പെടുത്തും.
സർവീസിലിരിക്കേ പരിക്കേല്ക്കുകയോ മരണപ്പെടുകയോ ചെയ്യുന്നവർക്ക് പോലീസ് വെൽഫെയർ ബ്യൂറോയും പോലീസ് സംഘടനയും നല്കുന്ന സഹായവും കുടുംബസഹായ നിധിയും കൃത്യമായി പിരിവ് കിട്ടാത്തതിനാൽ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന പോലീസ് അസോസിയേഷന്റെ കത്തിനെത്തുടർന്നാണ് നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറികളും നേരിട്ട് നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.