പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണം; ജോലികൾ മുഖ്യതന്ത്രിയുടെ ഉപദേശമനുസരിച്ചാകണമെന്ന് കോടതി
Thursday, September 18, 2025 1:18 AM IST
കൊച്ചി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹവും ശ്രീകോവിലിന്റെ ഭാഗങ്ങളും പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യതന്ത്രിയുടെ ഉപദേശമനുസരിച്ചാകണമെന്നു ഹൈക്കോടതി.
വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പുരുദ്ധാരണം ആരംഭിക്കുമെന്ന് ക്ഷേത്രഭരണ സമിതി അറിയിച്ചപ്പോഴാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മൂലബിംബത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കായംകുളം സ്വദേശി അഡ്വ. ആര്. രാജശേഖരന് പിള്ള ഫയല്‍ ചെയ്ത ഹര്‍ജിയാണു പരിഗണനയിലുള്ളത്. നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഭരണസമിതിയുടെ നടപടി റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും തന്ത്രിയുടെ നിലപാടും തേടിയിരുന്നു.
എന്നാല്‍, കുടുംബപരമായ അസൗകര്യങ്ങള്‍ കാരണം തന്ത്രിക്ക് ഇതുസംബന്ധിച്ച കുറിപ്പ് നല്കാനായിട്ടില്ലെന്നാണു ഭരണസമിതി അറിയിച്ചത്. അറ്റകുറ്റപ്പണിക്ക് ഒരുക്കങ്ങളായെന്നു നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണു തന്ത്രിയുടെ ഉപദേശം തേടണമെന്നു കോടതി നിര്‍ദേശിച്ചത്.