മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ വിവിധ മത മേലധ്യക്ഷന്മാരും നേതാക്കളും അനുശോചിച്ചു
Thursday, September 18, 2025 1:18 AM IST
കോട്ടയം അതിരൂപതയ്ക്കു വലിയ നഷ്ടം
കോട്ടയം: തന്റെ ജീവിതം മുഴുവൻ ദൈവജനത്തിനായി സമർപ്പിച്ച ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം കോട്ടയം അതിരൂപതയ്ക്കു വലിയ നഷ്ടമാണെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുടിയേറ്റ മേഖലയായ മാനന്തവാടി രൂപതയ്ക്ക് 22 വർഷവും പിന്നീട് താമരശേരി രൂപതയ്ക്കും തുടർന്ന് ഒരു പതിറ്റാണ്ടിലേറെ തൃശൂർ അതിരൂപതയ്ക്കും നേതൃത്വം നൽകിയ മാർ ജേക്കബ് തൂങ്കുഴി എക്കാലവും കോട്ടയം അതിരൂപതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
വേദനാജനകം: മാനന്തവാടി രൂപത
മാനന്തവാടി: 1973ൽ മാനന്തവാടി രൂപതയുടെ സ്ഥാപനാനന്തരം രൂപതയുടെ പ്രഥമമെത്രാനായി നിയുക്തനായ മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണം വേദനാജനകമെന്ന് മാനന്തവാടി രൂപത പ്രസ്താവനയിൽ അറിയിച്ചു.
വിശാല മാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വർഷവും താമരശേരി രൂപതയുടെ ഇടയനായി രണ്ടു വർഷത്തോളവും തുടർന്ന് വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നത് വരെ തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തായായി പത്തു വർഷത്തോളവും ശുശ്രൂഷ ചെയ്ത അഭിവന്ദ്യപിതാവിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്.
മാനന്തവാടി രൂപത സ്ഥാപിതമായ കാലഘട്ടത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി വിശാലമായി വ്യാപിച്ചു കിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തിൽ സഭാത്മകചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും നയിച്ച് രൂപതയുടെ ഇന്നത്തെ രൂപഭാവങ്ങൾക്ക് അടിത്തറയിടാൻ ജേക്കബ് തൂങ്കുഴി പിതാവിനു സാധിച്ചു എന്നത് രൂപത സാഭിമാനവും കൃതജ്ഞതയോടെയും അനുസ്മരിക്കുന്നു.
മാനന്തവാടി രൂപതയിൽ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ പ്രവർത്തനങ്ങൾ രൂപതാംഗങ്ങൾ മാത്രമല്ല, നാനാജാതിമതസ്ഥരും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയ, സാമുദായികനേതാക്കളും ശ്രദ്ധിച്ചിരുന്നു. അവർ ആ പ്രവർത്തനങ്ങളോട് സർവാത്മനാ സഹകരിച്ചിരുന്നു. ആരെയും ആകർഷിക്കുന്ന ലളിതവും സൗമ്യസുന്ദരവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവർത്തനശൈലിയും ആ ഇടയജീവിതത്തിന്റെ തനതുസവിശേഷതകളായിരുന്നു. വിവിധ ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് ആരംഭിച്ച ഇടയശുശ്രൂഷയിൽ വലിയ ദൈവാനുഗ്രഹങ്ങൾ രൂപതയുടെ പ്രാദേശികാതിർത്തിക്കുള്ളിൽ കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതിന്റെ ഉത്തമോദാഹരണമാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി.
പാവപ്പെട്ടവർക്കും സമൂഹത്തിലെ അശരണർക്കും ആലംബമേകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷാ കാലഘട്ടത്തിൽ തുടക്കം കുറിച്ച സംരംഭങ്ങളാണ് സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി, മേരിമാതാ കോളജ്, ന്യൂമാൻസ് പാരലൽ കോളജ്, മറ്റ് നിരവധി സ്കൂളുകൾ എന്നിവ. അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ വയനാട്ടിലെ തിരുനെല്ലിയിൽ രൂപവത്കരിച്ച ട്രൈബൽ ഡെവലപ്പ്മെന്റ് സെന്റർ പാവപ്പെട്ടവരോടും പ്രത്യേകിച്ച് വയനാടൻ ഗോത്രജനതയോടുമുള്ള പിതാവിന്റെ കരുതൽ വ്യക്തമാക്കുന്ന മറ്റൊരുദാഹരണമാണ്. തിരുനെല്ലി വനത്തിലെ ആദിവാസി ഉൗരുകൾ പിതാവ് സന്ദർശിക്കുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. തൃശൂർ അതിരൂപത അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച് വിശ്രമജീവിതത്തിലായിരുന്ന സമയത്തും രൂപതയുമായുള്ള തന്റെ ആത്മബന്ധം പിതാവ് നിലനിർത്തിയിരുന്നു.
സാധിക്കുന്ന സന്ദർഭങ്ങളിലെല്ലാം രൂപതയുടെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്ദർശിക്കുമായിരുന്ന പിതാവിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും സൗമ്യമായ കുശലാന്വേഷണങ്ങളും ഇനിയുണ്ടാവില്ലല്ലോ എന്ന ദുഃഖത്തോടെ മാനന്തവാടി രൂപതാകുടുംബം ഒന്നാകെ തൂങ്കുഴി പിതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പിതാവിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും പ്രസ്ഥാവനയിൽ അറിയിച്ചു.
ആർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കോഴിക്കോട്: തന്റെ ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവും കൊണ്ട് കേരളത്തെയും അനവധി പ്രദേശങ്ങളെയും പ്രകാശിപ്പിച്ച മഹാനായ വ്യക്തിത്വമാണ് അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ്. അദ്ദേഹം സ്നേഹത്തിന്റെ നിറകുടവും ലാളിത്യത്തിന്റെ ജീവിക്കുന്ന മാതൃകയും സൗഹൃദബന്ധത്തിന്റെ വലിയ സാക്ഷ്യവുമായിരുന്നു. പുഞ്ചിരിയോടെ വരവേല്‍ക്കുന്ന സ്വഭാവം, കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി, ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നതും അനുഗമിക്കാവുന്നതുമാണെന്ന് ഡോ. ചക്കാലയ്ക്കൽ അനുസ്മരിച്ചു.
ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
തൃശൂർ: ഇടയവഴിയിലെ സൗമ്യനക്ഷത്രമാണ് മാർ ജേക്കബ് തൂങ്കുഴിയെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
കാർഷികഗ്രാമമായ പാലായിലെ വിളക്കുമാടത്ത് ജനിച്ച മാർ ജേക്കബ് തൂങ്കുഴിയെത്തേടിയെത്തിയ ആദ്യ അജപാലനദൗത്യവും മലയോരമേഖലയിലായിരുന്നു. മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനായി നിയമിതനായ പിതാവ് കുടിയേറ്റജനതയെ സത്യവിശ്വാസത്തിൽ നയിക്കുന്നതിൽ നിർണായകപങ്കു വഹിച്ചു. താമരശേരി രൂപത ബിഷപ്, തൃശൂർ അതിരൂപതയുടെ ആർച്ച്ബിഷപ്, സിബിസിഐ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ശോഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മാര്‍ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു. 1997 ല്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് സ്ഥാനമേറ്റെടുത്ത മാര്‍ ജേക്കബ് തൂങ്കുഴി നീണ്ട 10 വര്‍ഷക്കാലം ആ സ്ഥാനത്തു തുടര്‍ന്നു. രണ്ടുതവണ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
തൃശൂർ: മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. രണ്ടുവർഷം മുന്‍പാണ് അദ്ദേഹം മെത്രാൻപദവിയിൽ അര നൂറ്റാണ്ടു പിന്നിട്ടത്. സൗമ്യമായ സംഭാഷണവും ആത്മീയതേജസുമായി വിശ്വാസികളുടെ നല്ല ഇടയനായി സഭ ഏൽപ്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ചു.
സണ്ണി ജോസഫ്
തൃശൂർ: മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് ഏറെ ദുഃഖകരമാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സമൂഹത്തിനും സഭയ്ക്കും വിശ്വാസികള്‍ക്കുംവേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ആത്മീയനേതാവാണു മാര്‍ തൂങ്കുഴി. തൃശൂര്‍ അതിരൂപതയില്‍ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി പ്രവര്‍ത്തിച്ച അദ്ദേഹം സഭയുടെ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കു വഴികാട്ടിയായിരുന്നു.
രമേശ് ചെന്നിത്തല
തൃശൂർ: ക്രൈസ്തവസഭയിലും സമൂഹത്തിലും മാർ ജേക്കബ് തൂങ്കുഴിയുടെ പ്രവർത്തനശൈലി എക്കാലവും മാർഗദീപമായിരിക്കുമെന്നു മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ആത്മീയചിന്തയെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി മാർ തൂങ്കുഴി പാകപ്പെടുത്തി. നീതിയും സത്യവും മുറുകെപ്പിടിച്ചു. പുരോഗമനചിന്തയും വിദ്യാഭ്യാസകാഴ്ചപ്പാടും സമന്വയിച്ചതിനാൽ വിദ്യാഭ്യാസരംഗത്തു വലിയ സംഭാവന നൽകാൻ അദ്ദേഹത്തിനു സാധിച്ചു.
ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്
തിരുവനന്തപുരം: മാര്‍ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അനുശോചനം രേഖപ്പെടുത്തി. സഭയുടെ ചരിത്ര വഴികളിലെ നിര്‍ണായക കാലഘട്ടത്തില്‍ വ്യക്തവും സുചിന്തിതവുമായ നിലപാടുകള്‍ സ്വീകരിച്ച് സഭയെ നയിച്ച മാര്‍ ജേക്കബ് തൂങ്കുഴി എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.