ശബരിമലയിലെ സ്വർണപ്പാളിയിലുള്ള നാലു കിലോ സ്വർണം എവിടെപ്പോയി: കോടതി
Thursday, September 18, 2025 1:18 AM IST
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണാവരണം ചെയ്ത ലോഹത്തിന്റെ ഭാരം കുറഞ്ഞതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
42 കിലോഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞുവെന്ന് കോടതി ചോദിച്ചു. ഇന്ധനം വല്ലതുമാണെങ്കില്‍ ഭാരം കുറയുന്നതു മനസിലാക്കാം. എന്നാല്‍ സ്വര്‍ണത്തിന്റെ ഭാരം എങ്ങനെ കുറഞ്ഞുവെന്നും ഇതുസംബന്ധിച്ച് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറോട് അന്വേഷണം നടത്താനുമാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
മുന്‍കൂര്‍ അറിയിപ്പ് കൂടാതെ സ്വര്‍ണപ്പാളി ഇളക്കിയതായി സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. രേഖകള്‍ പരിശോധിച്ചതില്‍നിന്നും സ്വര്‍ണത്തിന്റെ ഭാരം ഏകദേശം നാലു കിലോഗ്രാം കുറഞ്ഞതായി ജസ്റ്റീസുമാരായ രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
2017 ജൂലൈ 19, 20 തീയതികളിലെ മഹസറില്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പ്ലേറ്റുകള്‍ എന്നതിനു പകരം വെറും ചെമ്പ് പ്ലേറ്റുകള്‍ എന്നു വിവരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറോട് (പോലീസ് സൂപ്രണ്ട്) കോടതി നിര്‍ദേശിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച രജിസ്റ്ററുകള്‍ ശരിയായ അന്വേഷണം നടത്തുന്നതിനായി തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. നീക്കം ചെയ്ത സ്വര്‍ണപ്പാളികള്‍ ചെന്നൈയില്‍നിന്നു തിരികെ കൊണ്ടുവരാന്‍ കോടതി നേരത്തേ ദേവസ്വം ബോര്‍ഡിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് അറ്റകുറ്റപ്പണികള്‍ തുടരാന്‍ അനുമതി നല്കി. തുടര്‍ന്ന് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സ്വർണപീഠം കാണാനില്ലെന്ന്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ സ്വർണത്തിൽ നിർമിച്ചുനൽകിയ പീഠം കാണാതായെന്നു വെളിപ്പെടുത്തൽ.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ക്കായി മറ്റൊരു പീഠം കൂടി നിര്‍മിച്ചുനല്‍കിയിരുന്നതായും അവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി സ്പോണ്സര് ഉണ്ണിക്കൃഷ്ണന് പോറ്റി രംഗത്തെത്തിയതു വിവാദത്തിന്റെ ആഴം വർധിപ്പിച്ചു.
2019ലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെമ്പുപാളികൾക്ക് സ്വർണം പൂശിയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു സ്വർണം പൂശൽ.
പീഠത്തിന്റെ നിറം മങ്ങിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചതോടെ രണ്ടു പീഠങ്ങൾകൂടി ബോർഡ് നൽകിയ അളവിനനുസരിച്ച് നിർമിച്ചുനൽകി. ചെന്നൈയിലെ സ്ഥാപനംതന്നെയാണു പീഠം നിര്‍മിച്ചത്. മൂന്നു പവന് സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്.
കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായിരുന്നതിനാല്‍ ഒരുകൂട്ടം ഭക്തരാണ് ഇതു സന്നിധാനത്തെത്തിച്ചത്. എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്പത്തില് ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്ന് പിന്നീട് അറിഞ്ഞു. തുടർന്ന് എന്തു സംഭവിച്ചുവെന്ന് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് ഒരു വിവരവുമില്ലെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.
പാളികൾ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പീഠംകൂടി ഉണ്ടാകുമെന്നു കരുതി. എന്നാല്‍ അത് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.