പതിനാറുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ
Thursday, September 18, 2025 1:18 AM IST
തൃക്കരിപ്പൂർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 വയസുകാരനെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി.
പയ്യന്നൂർ കോറോം നോർത്തിലെ അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളി സി. ഗിരീഷിനെയാണ് (47) പയ്യന്നൂർ ഇൻസ്പെക്ടർ കെ.പി. ശ്രീഹരി അറസ്റ്റ് ചെയ്തത്. ഇയാളെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
2024 ജൂലൈ മുതൽ സ്വവർഗരതിക്കാർ ഉപയോഗിക്കുന്ന ഗ്രൈൻഡർ ആപ് വഴി പരിചയപ്പെട്ട വിദ്യാർഥിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിലുൾപ്പെട്ട പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ പെരുമ്പയിലെ വ്യാപാര സ്ഥാപനത്തിലെ മാനേജരായ യുവാവ് ഒളിവിലാണ്. ഇയാൾ മലപ്പുറത്തേക്ക് കടന്നതായാണു വിവരം. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ഉന്നതരടങ്ങുന്ന സംഘം പീഡിപ്പിച്ചതു വീടുകളും ലോഡ്ജുകളും ബീച്ചിനടുത്തുള്ള കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണെന്ന് അന്വേഷണസംഘം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ശൃംഖലയിൽപെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഫുട്ബോൾ പരിശീലകൻ, യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പയ്യന്നൂരിലേയും ചെറുവത്തൂരിലേയും വിവിധ ലോഡ്ജുകൾ, കാലിക്കടവിലെ ക്ലബ് ഓഫീസ്, വിദ്യാർഥിയുടെയും കേസിൽ ഉൾപ്പെട്ട ചിലരുടെയും വീടുകളിലും എത്തിച്ചായിരുന്നു പീഡനം. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് വിദ്യാർഥി ലൈംഗികാതിക്രമത്തിന് ഇരയാവുന്ന കേസുകൾ അപൂർവമാണ്.