ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ
Friday, September 19, 2025 1:45 AM IST
ചെങ്ങന്നൂർ: ശിവഗിരിയിൽ നടന്ന നരനായാട്ടിന് മാപ്പില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ.
ചെങ്ങന്നൂരിലെ കാരയ്ക്കാട് പാറയ്ക്കൽ ശ്രീനാരായണ ഗുരുദേവ തീർഥാടന കേന്ദ്രത്തിൽ നടന്ന മൂന്നാമത് പാറയ്ക്കൽ തീർഥാടനത്തിലും ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 111-ാം വാർഷികത്തോടനുബന്ധിച്ചുള്ള മഹാധ്യാനത്തിലും പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ശിവഗിരി ശ്രീനാരായണ ധർമപരിപാലനയോഗം ഓരോ അഞ്ചു വർഷം കൂടുമ്പോഴും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാറുണ്ട്. 1995ലെ തെരഞ്ഞെടുപ്പിൽ പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സന്യാസിമാർ വിജയിച്ചെങ്കിലും അന്നത്തെ ഭരണസമിതി അധികാരം കൈമാറാൻ തയാറായില്ല. ഹൈന്ദവവത്കരണവും സവർണ മേധാവിത്വവും ശിവഗിരിയിൽ വരുന്നുവെന്നു തെറ്റിദ്ധാരണ പരത്തി അവർ ജനങ്ങളെ സംഘടിപ്പിച്ചു.
കോടതികളിൽനിന്ന് അനുകൂല വിധി ലഭിച്ചപ്പോഴും അധികാരം കൈമാറ്റം നടന്നില്ല. പല പ്രാവശ്യം മധ്യസ്ഥ ചർച്ചകളും നടന്നു. അതുകൊണ്ട് പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി വിധി നടപ്പാക്കാൻ അന്നത്തെ സർക്കാരിനു ബലം പ്രയോഗിക്കേണ്ട അവസ്ഥയിലെത്തിയപ്പോഴാണ് ഈ ലാത്തിച്ചാർജും മറ്റ് അക്രമങ്ങളും ഉണ്ടായത്.
രാഷ്ട്രീയ കക്ഷികളും തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങളും ചേർന്നു കല്ലേറും ബഹളവുമുണ്ടാക്കി അധികാരം കൈമാറ്റം തടസപ്പെടുത്തിയതാണ് ഇതിനു കാരണമായതെന്നും സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു.
അന്ന് ആന്റണി സർക്കാർ ചെയ്തത് കോടതിവിധി നടപ്പാക്കുക എന്നത് മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.