ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ കാലതാമസം: പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നു
Friday, September 19, 2025 1:45 AM IST
കൊച്ചി: ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ കാലതാമസം മൂലം സംസ്ഥാനത്ത് പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നു. ആഭ്യന്തരവകുപ്പില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്.
ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. ഇതു കേസുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തരവകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു.
കൂടുതല്‍ പോക്സോ കേസുകള്‍ തീര്‍പ്പാക്കാനുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 1,370 കേസുകളാണ് പരിഹരിക്കാനുള്ളത്. തീര്‍പ്പാക്കാനുള്ള 704 കേസുകളുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും 642 കേസുകളുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
ബലാത്സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ വിചാരണ ചെയ്യുന്നതിനും തീര്‍പ്പാക്കുന്നതിനുമായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണു സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായാണു പരിഗണിക്കുന്നത്.