ആഗോള സുറിയാനി സമ്മേളനം സമാപിച്ചു
Friday, September 19, 2025 1:45 AM IST
കോട്ടയം: ആഗോള സുറിയാനി പഠനഗവേഷണകേന്ദ്രമായ സെന്റ് ഇഫ്രേംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) റൂബി ജൂബിലിയോടനുബന്ധിച്ച് നടന്ന ആഗോള സുറിയാനി സമ്മേളനം സമാപിച്ചു.
സമാപന സമ്മേളനത്തില്‍ അന്ത്യോഖ്യ സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് മാര്‍ ഇഗ്നേഷ്യസ് ജോസഫ് തൃതീയന്‍ യൂഹനാന്‍ മുഖ്യാതിഥിയായി. സുറിയാനി ഭാഷയെ ആരാധനയിലൂടെയും അല്ലാതെയും കാത്തുപരിപാലിക്കുന്ന കേരളത്തിലെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും നടപടിയെ സമ്മേളനം പ്രശംസിച്ചു.
മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, മലങ്കര മല്പാന് റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഡോ. ആന്‍ഡ്രി മെകാര് (റൊമേനിയ), മദര്‍ ജനറാള്‍ സിസ്റ്റര്‍ ആര്‍ദ്ര എസ്ഐസി, ഡോ. രാജന് വര്‍ഗീസ്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. സ്കറിയ വട്ടയ്ക്കാട്ടുകാലായില്, സീരി ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് തെക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രഫ. ഡോ. ഡാനിയല്‍ ലെഗിയ, പ്രഫ. ഡോ. ഹെഡ്മി തകാശി, സിസ്റ്റര്‍ ഡോ. എലിയ മാരി തെരേസ്, റവ.ഡോ. ഷാജന് വര്‍ഗീസ്, സിസ്റ്റര്‍ ഡോ. ജിന്‍സി ഒത്തോട്ടില് എന്നിവര്‍ സമ്മേളനത്തെ വിശകലനം ചെയ്തു പ്രസംഗിച്ചു.
അഞ്ചു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.