ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിന് പ്രചോദനം പദ്ധതി
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: പതിനെട്ടു വയസു കഴിഞ്ഞ ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ടു പ്രചോദനം എന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി തൊഴിൽ പരിശീലനം, നൈപുണ്യവികസനം എന്നിവ നൽകുന്ന സന്നദ്ധ സംഘടനകൾക്ക് സഹായം അനുവദിക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് പ്രതിമാസം 600രൂപ നൽകുന്ന ആശ്വാസകിരണം പദ്ധതിയിലൂടെ ഇതുവരെ 117 കോടി അനുവദിച്ചു. ഓഗസ്റ്റ് വരെയുള്ള ധനസഹായം വിതരണം ചെയ്തു. 2018 നു ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.