കെഎസ്യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി
Friday, September 19, 2025 1:45 AM IST
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങള്‍ക്കെതിരേ കെഎസ്യു നിയമസഭയ്ക്കു മുന്നിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ എംജി റോഡ് വഴി സെക്രട്ടേറിയറ്റിനു മുന്നിലേക്കു നീങ്ങിയതോടെ പ്രതിഷേധസമരം തെരുവ് യുദ്ധമായി മാറി.
പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് ലാത്തി വീശി. സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രതിഷേധിക്കാനെത്തിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പോലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക, കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടിയിട്ട് കോടതിയില്‍ ഹാജരാക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെഎസ്യു പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലിനു മുന്നില്‍നിന്നും നിയമസഭയുടെ മുന്നിലേക്കു നീങ്ങിയ മാര്‍ച്ച് യുദ്ധസ്മാരകത്തിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതോടെ മാര്‍ച്ച് സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പോലീസിനുനേരേ പ്രവര്‍ത്തകര്‍ കൊടികെട്ടിക്കൊണ്ടു വന്ന കമ്പും റോഡില്‍ കിടന്ന കല്ലുകളും വലിച്ചെറിഞ്ഞു. ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുള്‍പ്പെടെ സമരക്കാര്‍ മറിച്ചിട്ടു.
പ്രതിഷേധക്കാര്‍ക്കുനേരേ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഒരു മണിക്കൂറോളം ബാരിക്കേഡിന് അപ്പുറവും ഇപ്പുറവും നിന്നു പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് കെട്ടഴിച്ച് മറിച്ചിടാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനു മുന്നിലേക്കു തിരിച്ചത്. പാളയത്ത് റോഡില്‍ നിരത്തിയിരുന്ന ഡിവൈഡറുകളും മറ്റും പ്രവര്‍ത്തകര്‍ മറിച്ചിട്ടു പ്രതിഷേധിച്ചു. റോഡിലെ ഫ്ളക്സുകള്‍ വലിച്ചുകീറുകയും മറിച്ചിടുകയും ചെയ്തു.
സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. നിയമസഭാ മാര്‍ച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു.