മാർ തൂങ്കുഴിക്കു സാംസ്കാരിക നഗരി നാളെ പ്രണാമമർപ്പിക്കും
Saturday, September 20, 2025 1:24 AM IST
തൃശൂർ: അരനൂറ്റാണ്ടിലേറെ ഇടയശുശ്രൂഷ നിർവഹിച്ച സൗമ്യസാന്നിധ്യത്തിനു സാംസ്കാരിക നഗരി നാളെ പ്രണാമമർപ്പിക്കും. തൃശൂർ അതിരൂപതയെയും മാനന്തവാടി, താമരശേരി രൂപതകളെയും നയിച്ച ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി(95)യുടെ സംസ്കാരശുശ്രൂഷയുടെ ഒന്നാംഘട്ടം നാളെ നടക്കും.
രാവിലെ 11.30നു തൃശൂർ അതിരൂപതാ മന്ദിരത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ ശുശ്രൂഷകൾ തുടങ്ങും. ഉച്ചയ്ക്കു 12.15ന് ഭൗതികദേഹം തൃശൂർ ഡോളേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുപോകും. പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞു 3.30നു തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂർദ് കത്തീഡ്രലിലേക്കു കൊണ്ടുപോകും.
വൈകുന്നേരം അഞ്ചിനു കത്തീഡ്രലിൽ മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ സന്ദേശം നൽകും. അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഷംഷാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർ സഹകാർമികരാകും.
22ന് രാവിലെ 9.30 വരെ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനമുണ്ടാകും. 9.30ന് സംസ്കാരശുശ്രൂഷയുടെ രണ്ടാംഘട്ടം സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ ആരംഭിക്കും. 10നു മാർ ആൻഡ്രൂസ് താഴത്ത് മാർ ജേക്കബ് തൂങ്കുഴിയെ അനുസ്മരിക്കും.
തുടർന്നു സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയോടുകൂടി സംസ്കാരശുശ്രൂഷയുടെ മൂന്നാംഘട്ടം നടത്തും. കുർബാനമധ്യേ മാനന്തവാടി രൂപത മെത്രാൻ മാർ ജോസഫ് പൊരുന്നേടം അനുസ്മരണസന്ദേശം നൽകും. മുപ്പതിലേറെ ആർച്ച്ബിഷപ്പുമാരും ബിഷപ്പുമാരും തിരുക്കർമങ്ങളിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് ഒന്നിനു ഭൗതികശരീരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിലേക്കു കൊണ്ടുപോകും. അവിടെ താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിലുള്ള പ്രാർഥനയ്ക്കുശേഷം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു കോഴിക്കോട് കോട്ടൂളിയിൽ ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ ഹോം ഓഫ് ലൗ ജനറലേറ്റിൽ സംസ്കാരശുശ്രൂഷയുടെ സമാപനകർമങ്ങൾ നടത്തും.