ഭൂപതിവ് നിയമ ചട്ടഭേദഗതിക്ക് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം
Saturday, September 20, 2025 1:24 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടം സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചതായി റവന്യു- ഭവനനിർമാണ മന്ത്രി കെ. രാജൻ അറിയിച്ചു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ചട്ടം പ്രസിദ്ധീകരിച്ച സമയം മുതൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇനി മുതൽ ഇടുക്കി ജില്ലയിലെ ഉൾപ്പെടെ കേരളത്തിലെമ്പാടും പട്ടയ ഭൂമിയിലെ വീടുകൾ എല്ലാം ക്രമവത്കരിക്കേണ്ടിവരും എന്നാണു പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് തീർത്തും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
പട്ടയം അനുവദിച്ച ചട്ടപ്രകാരം വീട് നിർമാണം അനുവദനീയമാണെങ്കിൽ അത്തരം ഭൂമികളിലെ വീടുകളൊന്നും ക്രമവത്കരിക്കേണ്ടതില്ല. റബർ കൃഷിക്കും മറ്റും മാത്രമായി അനുവദിക്കപ്പെട്ട ഭൂമിയിൽ വരുന്ന നിർമാണങ്ങൾ ചട്ടപ്രകാരം ക്രമവത്കരിക്കണം. നിലവിലെ പട്ടയങ്ങളുടെ പൊതുസ്ഥിതി പരിശോധിച്ചാൽ 95 ശതമാനം വീടുകൾക്കും ക്രമവത്കരണത്തിന് അപേക്ഷിക്കേണ്ടതില്ല.
പട്ടയ രേഖകൾ ഇല്ലാത്തവർക്ക് ക്രമവത്കരണത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്ന തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്. നിജസ്ഥിതി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇതിനും പരിഹാരമുണ്ടെന്ന് ഭൂപതിവ് ഭേദഗതി ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം നിർമാണങ്ങൾ ക്രമവത്കരിക്കാൻ ഭേദഗതി വരുത്തിയ ചട്ടത്തിൽ ന്യായവിലയുടെ 10 ശതമാനമാണ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. സബ്ജക്ട് കമ്മിറ്റിക്കു ലഭിച്ച നിർദേശം പരിഗണിച്ച് ഇത് അഞ്ച് ശതമാനം ആയി കുറച്ചു. ടൂറിസം സാധ്യതകൾകൂടി പരിഗണിച്ചാണ് ഈ ഇളവ് വരുത്തിയതെന്നും മന്ത്രി വിശദീകരിച്ചു.