യുഡിഎഫ് എംഎൽഎമാരുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു
Saturday, September 20, 2025 1:23 AM IST
തിരുവനന്തപുരം: യുഡിഎഫ് എംഎൽഎമാരായ സനീഷ് കുമാർ ജോസഫും എ.കെ.എം . അഷറഫും കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നിയമസഭാ കവാടത്തിനു മുന്നിൽ നടത്തി വന്ന സത്യഗ്രഹ സമരം ഇന്നലെ താത്കാലിമായി അവസാനിപ്പിച്ചു. നിയമസഭാ സമ്മേളനം ഒരാഴ്ചത്തേയ്ക്ക് ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി.
ഇനി സഭ സമ്മേളിക്കുന്ന 29 മുതൽ വീണ്ടും സമരം തുടരുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കുന്നംകുളത്തെ പോലീസ് അതിക്രമത്തിൽ പ്രതികളായ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. ശൂന്യവേളയ്ക്കു ശേഷം പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ച് എത്തിയാണ് സമരം അവസാനിപ്പിച്ചത്. ഇനി നിയമസഭ 29, 30 തീയതികളിൽ മാത്രമേ സമ്മേളിക്കൂ.
ശബരിമലയിലെ സ്വർണം പൂശിയ ദ്വാരപാലകശിൽപം ചെന്നൈയിൽ നന്നാക്കി തിരിച്ചെത്തിച്ചപ്പോൾ നാലു കിലോ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതിയാണ് പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി അറിയാതെ ദേവസ്വം ബോർഡിലെയും സർക്കാരിലെയും ചിലർ ചേർന്നാണ് അയ്യപ്പന്റെ നാലു കിലോ സ്വർണം കൊള്ളയടിച്ചത്. അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചിട്ടാണ് ഇന്ന് അയ്യപ്പ സംഗമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.