പാലിയേക്കര ടോള്‍പിരിവിന് ഉപാധികളോടെ അനുമതി നല്‍കും
Saturday, September 20, 2025 1:24 AM IST
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിൽ ടോള്‍പിരിവിന് ഉപാധികളോടെ അനുമതി നല്‍കുമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും. ടോള്‍പിരിവിന് അനുമതി നല്കിയാലും വിഷയം കോടതി അവസാനിപ്പിക്കില്ലെന്നും റോഡിലെ പരിശോധനകള്‍ തുടരുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തൃശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുകയും വേണം. മാനേജ്മെന്റ് കമ്മിറ്റി നിര്‍ദേശിച്ച പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെന്നും നിലവില്‍ ഗതാഗത പ്രശ്നങ്ങളില്ലെന്നുമുള്ള ദേശീയപാതാ അഥോറിറ്റിയുടെ വിശദീകരണവും ഇതിന് അനുകൂലമായ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് ടോള്‍പിരിവ് പുനരാരംഭിക്കാന്‍ കോടതി അനുമതി നല്‍കുന്നത്.
സമിതിയുടെ നിര്‍ദേശങ്ങളൊക്കെ പാലിച്ചതിനാല്‍ ടോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്നലെത്തന്നെ തീരുമാനമുണ്ടാകണമെന്നായിരുന്നു ദേശീയപാതാ അഥോറിറ്റിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറലിന്റെ വാദം.
എന്നാല്‍, ടോള്‍പിരിവിന് ഉപാധികള്‍ നിര്ദേശിക്കേണ്ടതിനാല് തിങ്കളാഴ്ച മാത്രമേ ഉത്തരവ് പുറപ്പെടുവിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. മുന്നൂറോളം ജീവനക്കാരുണ്ടെന്നും ഒരോ ദിവസവും വലിയ നഷ്ടമാണുണ്ടാകുന്നതെന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഗതാഗതക്കുരുക്കല്ല റോഡിന്റെ അവസ്ഥയാണു പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞു. പാലിയേക്കരയില്‍ ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ടോള്‍ വിലക്കിയതിന്റെ നഷ്ടം നികത്താനാണോ നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിനു നിയമപരമായി അനുവദനീയമായ വര്‍ധനവാണു വരുത്തുന്നതെന്നായിരുന്നു കരാറുകാരുടെയും ദേശീയപാതാ അഥോറിറ്റിയുടെയും മറുപടി.