സിയാൽ ഓഹരി ഉടമകൾക്ക് 50 ശതമാനം ഡിവിഡന്റ്
Saturday, September 20, 2025 1:23 AM IST
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ ) ഓഹരി ഉടമകൾക്ക് 2024 - 2025 സാമ്പത്തികവർഷം 50 ശതമാനം ഡിവിഡന്റ് ലഭിക്കുമെന്ന് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു .
32000 ഓഹരി ഉടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സിയാൽ ഡയറക്ടർ ബോർഡാണ് ഇതുസംബന്ധിച്ച നിർദേശം സമർപ്പിച്ചിട്ടുള്ളത്. 27ന് നടക്കുന്ന വാർഷിക യോഗമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്.
സിയാലിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ജലപാതയായ വെസ്റ്റ് - കോസ്റ്റ് കനാൽ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. ചേറ്റുവയിൽനിന്നാരംഭിച്ച് ആക്കുളം , ഗുരുവായൂർ വഴി തിരുവനന്തപുരത്ത് എത്തുന്ന ഈ ജലപാതയുടെ നീളം 260 കിലോമീറ്ററാണ് .
പണി പൂർത്തിയായിട്ടുള്ള ഹൈഡ്രജൻ പ്ലാന്റിന് ഓപ്പറേഷൻ ക്ലിയറൻസ് ലഭിച്ചാൽ ഉടൻ പ്രവർത്തനക്ഷമമാകും. ബിപിസിഎൽ 40 കോടി രൂപ മുടക്കിയാണ് ഇതു നിർമിച്ചിട്ടുള്ളത്. സ്വന്തമായി ഹൈഡ്രജൻ പ്ലാന്റുള്ള ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന ബഹുമതിയും സിയാലിനു സ്വന്തമാകും.
സിയാൽ ഏറ്റെടുത്തിട്ടുള്ള വയനാട് ടൗൺ ഷിപ്പ് പദ്ധതി ജനുവരിയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ജൂൺ മാസത്തിലാണ് ഇതിനുള്ള സ്ഥലം അനുവദിച്ചു കിട്ടിയത് . തുടർച്ചയായ മഴയും ബലക്കുറവുള്ള മണ്ണും പണി നീണ്ടുപോകാൻ കാരണമായി.
കൊച്ചിയെ എയർ ഇന്ത്യയുടെ ഹബ്ബാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട് . കേരളത്തിൽനിന്നാരംഭിക്കുന്ന പുതിയ എയർലൈനിന്റെ ആസ്ഥാനം സിയാലായിരിക്കും . വളർച്ചയ്ക്കനുസരിച്ച് വിമാനസർവീസുകൾ വർധിപ്പിക്കാൻ പുതിയ റൺവേകൂടി ആവശ്യമാണ് .
ഇതിന് കുറഞ്ഞത് 2300 മീറ്റർ നീളം ആവശ്യമാണ് . ഇതിന് സ്ഥലവും ഏറ്റെടുക്കേണ്ടിവരും .നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ ആവശ്യമെങ്കിൽ സിയാൽ സ്ഥലം വിട്ടുകൊടുക്കുമെന്ന് സുഹാസ് അറിയിച്ചു . വിമാനത്താവളത്തിലേയ്ക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കാൻ സീപോർട്ട് - എയർപോർട്ട് റോഡും വാട്ടർ മെട്രോയും യാഥാർഥ്യമാകും.