കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസ്; മൊഴിയെടുത്ത് സൈബർ പോലീസ്
Saturday, September 20, 2025 1:24 AM IST
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനും അപവാദ പ്രചാരണങ്ങള്‍ക്കുമെതിരേ സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈന്‍ നല്കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് മൊഴി രേഖപ്പെടുത്തി.
ഷൈനിന്റെ നോർത്ത് പറവൂരിലെ വീട്ടിലെത്തിയ പോലീസ് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കേസിൽ വിശദമായ മൊഴി രേഖപ്പെടുത്തിയത്.
വ്യാപകമായ സൈബര്‍ ആക്രമണവും അപവാദപ്രചാരണവും നേരിടുന്നതായി ചൂണ്ടിക്കാട്ടി ഷൈന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും ഡിജിപി, വനിതാ കമ്മീഷന് എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തശേഷം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് കേസെടുത്തത്.
വനിതാ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുക്കൽ. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപ കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ, യുട്യൂബ് ലിങ്കുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും പോലീസിനു കൈമാറിയിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള വാർത്ത പ്രസിദ്ധീകരിച്ചവരും യുട്യൂബ് ചാനലും കോൺഗ്രസ് അനുകൂല വെബ് പോർട്ടലും വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് പ്രതിസ്ഥാനത്ത്.
സി.കെ. ഗോപാലകൃഷ്ണന് എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് ആദ്യമായി പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നും ഇയാള്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് സൈബര്‍ വിംഗ് ചുമതലക്കാരനുമാണെന്നും ഷൈനിന്റെ ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസുമായി ബന്ധമുള്ള നിരവധി വ്യക്തികള്‍ ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ടെന്നും ഉന്നതനേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബില്‍ മറ്റൊരാള്‍ ഇട്ട ലിങ്ക് പങ്കുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കി.