വന്യജീവി നിയമ ഭേദഗതി ബില്‍ കണ്ണില്‍ പൊടിയിടാന്‍: കത്തോലിക്ക കോണ്‍ഗ്രസ്
Saturday, September 20, 2025 1:24 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച വന്യജീവിനിയമ ഭേദഗതി ബില്‍ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതും കണ്ണില്‍ പൊടിയിടാനുള്ളതുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത. നിലവിലുള്ള കേന്ദ്രനിയമം ഇളവ് ചെയ്യാന്‍ സംസ്ഥാന നിയമസഭ ഒന്നടങ്കം പ്രമേയം പാസാക്കി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നു യോഗം ആവശ്യപ്പെട്ടു.
നിലവിലെ നിയമം കേന്ദ്രം ഇളവ് ചെയ്യാതെ സംസ്ഥാനത്തിനു ഭേദഗതി കൊണ്ടുവരാന്‍ ഭരണഘടനാപരമായി സാധിക്കില്ല എന്ന നിബന്ധന തിരുത്തിയെടുക്കാന്‍ കഴിയണം. അല്ലെങ്കില്‍ ഇത്തരം നിയമഭേദഗതികള്‍ക്ക് യാതൊരു പ്രായോഗിക ഫലവുമുണ്ടാകില്ലെന്നു യോഗം ചൂണ്ടിക്കാട്ടി.
ജനവാസ മേഖലകളിലുള്ള കാട്ടുപന്നികളെ ഒരു മാസത്തിനകം ഉന്മൂലനം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, വൈസ് പ്രസിഡന്റ് അല്‍ഫോൻസ മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസാ ലിസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.