സേനകളിലെ ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയില്‍
Saturday, September 20, 2025 1:23 AM IST
കൊച്ചി: നാവികസേന, ആര്‍മി, പോലീസ് എന്നീ സേനകളിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നല്കി സ്ത്രീകളെ പീഡിപ്പിച്ചു പണം തട്ടിയയാൾ പിടിയില്‍. ആലപ്പുഴ പുന്നപ്ര ദാറുല്‍ നജാത്ത് മുഹമ്മദ് അജ്മല്‍ ഹുസൈന് (29) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
ആലപ്പുഴ സ്വദേശിനിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആംഡ് പോലീസ് ഓഫീസറാണെന്നു പറഞ്ഞ് പരിചയപ്പെട്ട് വിവാഹം ചെയ്യാന്‍ താത്പര്യം അറിയിച്ചശേഷം പരാതിക്കാരിയെ വിവാഹ ആവശ്യത്തിനു വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന എറണാകുളത്തേക്ക് വിളിച്ചുവരുത്തി മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. നിരവധി പെണ്‍കുട്ടികളെ പ്രതി ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് ഐഎഎസ് ഓഫീസറാണെന്നു പറഞ്ഞ് മുളന്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹം ആലോചിച്ച് വീട്ടുകാരുമായി സംസാരിക്കുകയും 30 ലക്ഷം രൂപ വാങ്ങി ഹൈദരാബാദിലേക്ക് മുങ്ങുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദില്‍നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.