വിദ്യാർഥികളെ വിലങ്ങുവച്ച പോലീസ് നടപടിയോട് യോജിപ്പില്ലെന്നു മുഖ്യമന്ത്രി
Saturday, September 20, 2025 1:23 AM IST
തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിൽ കോളജ് വിദ്യാർഥികളെ വിലങ്ങുവച്ച പോലീസ് നടപടിയോടു സർക്കാരിനു യോജിപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വിദ്യാർഥികളെ വിലങ്ങുവച്ചു കോടതിയിൽ ഹാജരാക്കിയ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
മർദനമേറ്റ വിദ്യാർഥി തനിക്കു പ്രതികളെ മുൻപരിചയമില്ലെന്നും കണ്ടാൽ തിരിച്ചറിയുമെന്നും പോലീസിന് മൊഴി നൽകിയിരുന്നു. തിരിച്ചറിയൽ പരേഡ് വേണ്ടിവരുമെന്നതിനാലാണ് പ്രതികളായ കെഎസ്യു പ്രവർത്തകരെ കറുത്ത തുണികൊണ്ട് മുഖം മറച്ച് കോടതിയിൽ ഹാജരാക്കിയതെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
തീവ്രവാദികളോടു പോലും ചെയ്യാത്ത തരത്തിലാണ് കെഎസ്യു പ്രവർത്തകരെ കറുത്ത തുണികൊണ്ടു മുഖംമൂടി കൈവിലങ്ങിട്ട് കോടതിയിൽ ഹാജരാക്കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. ഇതിനെ കോടതി ശക്തമായി വിമർശിക്കുകയും എസ്എച്ച്ഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
കുട്ടികളുടെ വീടുകളിലെത്തി മാതാപിതാക്കളെ ആറുവട്ടം എസ്എച്ച്ഒ ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കുന്നംകുളത്ത് യൂത്ത് കോണ്ഗ്രസ് നേതാവ് സുജിത്തിന് മർദനമേറ്റപ്പോൾ അവിടെയുണ്ടായിരുന്ന എസ്എച്ച്ഒയാണ് വടക്കാഞ്ചേരിയിലും ഉണ്ടായിരുന്നത്.
വിദ്യാർഥി സംഘർഷത്തിൽ പ്രതിയാക്കിയവരോട് കൊടുംകുറ്റവാളികളെപ്പോലെയാണ് പോലീസ് പെരുമാറിയത്. കെഎസ്യു, എസ്എഫ്ഐ സംഘർഷമാണ് ഉണ്ടായതെങ്കിലും കെഎസ്യുക്കാരെ മാത്രമാണ് പ്രതികളാക്കിയതെന്നും വി.ഡി. സതീശൻ ആരോപിച്ചു.