മുത്തങ്ങ വെടിവയ്പ്: മുന്നണികള്‍ നിലപാട് വ്യക്തമാക്കണം: ആദിവാസി സംഘടനകൾ
Saturday, September 20, 2025 1:23 AM IST
കൊച്ചി: മുത്തങ്ങ വെടിവയ്പില്‍ മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഖേദം പ്രകടിപ്പിക്കുകയും അന്വേഷണറിപ്പോര്‍ട്ട് തുറന്ന ചര്‍ച്ചയ്ക്കു വിധേയമാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇടത്, വലത് മുന്നണികള്‍ നിലപാട് തുറന്നുപറയണമെന്ന് ആദിവാസി ഗോത്ര മഹാസഭയടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു.
22 വര്‍ഷത്തിനുശേഷം നടത്തിയ ഖേദപ്രകടനംകൊണ്ട് രക്തരൂഷിതമായ അധ്യായം മായ്ക്കാനാകില്ല. വെടിവയ്പിന്റെ ഉത്തരവാദിത്വം ആന്റണിക്കു മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫിനും സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിനും പോലീസിനുമുണ്ട്.
വെടിവയ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ മരണം ഇപ്പോഴും അന്വേഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനോ കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്കോ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും ആദിവാസ ഗോത്ര മഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റര്‍ എം. ഗീതാനന്ദന് പത്രസമ്മേളനത്തില്‍ പറഞ്ഞു.